ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സംസ്ഥാനത്തു പുതിയ ബവ്റിജസ് ഷോപ്പുകൾ തുറക്കില്ല. പൂട്ടിപ്പോയ 68 ഷോപ്പുകളും പുതിയ 175 ഷോപ്പുകളും തുടങ്ങാൻ ബവ്കോയ്ക്ക് സർക്കാർ കഴിഞ്ഞവർഷം അനുമതി നൽകിയിരുന്നു. ഏഴെണ്ണം തുറക്കുകയും ചെയ്തു. ഇനി ലോക്സഭാ തിരഞ്ഞെടുപ്പു കഴിയും വരെ ഒന്നും തുറക്കേണ്ടെന്നു വാക്കാൽ നിർദേശം നൽകി. പലയിടത്തും ഷോപ്പുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു പ്രദേശവാസികളുടെ എതിർപ്പുണ്ട്. തിരഞ്ഞെടുപ്പു ഘട്ടത്തിൽ ഇതു തിരിച്ചടിയാകുമെന്നതാണു കാരണമായി പുറത്തു പറയുന്നതെങ്കിലും, ബവ്കോ ഷോപ്പുകൾ കൂട്ടത്തോടെ തുറക്കുന്നതിനെതിരെ ബാറുടമകളുടെ സമ്മർദമുണ്ട്. ഇത്തവണ മദ്യനയത്തിൽ ലൈസൻസ് ഫീസ് 5 ലക്ഷം ഉയർത്തിയതിൽ ഇടഞ്ഞുനിൽക്കുന്ന ബാറുടമകൾ, കൂടുതൽ ബവ്കോ ഷോപ്പുകൾ തുറക്കുന്നതിൽ അവർക്കുള്ള ആശങ്ക സർക്കാരിനെയും സിപിഎം നേതൃത്വത്തെയും അറിയിച്ചിരുന്നു.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ 68 മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കാനും 175 പുതിയ ഷോപ്പുകൾ ആവശ്യാനുസരണം തുടങ്ങാനും 2022 മേയിലാണു സർക്കാർ അനുമതി നൽകിയത്. ബവ്കോയ്ക്ക് ഏഴെണ്ണവും കൺസ്യൂമർഫെഡിന് അഞ്ചെണ്ണവുമേ ഇതുവരെ പുനഃസ്ഥാപിക്കാനായുള്ളൂ. എന്നാൽ അൻപതോളം ബാറുകൾ ഇതിനുശേഷം തുടങ്ങി. ബാറുകൾക്ക് എക്സൈസ് അനുമതി നൽകുന്ന വേഗം ബവ്കോയുടെ കാര്യത്തിലുണ്ടായില്ല. പുതിയ 10 ഷോപ്പുകൾക്കു കൂടി ബവ്കോ സ്ഥലം കണ്ടെത്തിയിരിക്കെയാണു വിലക്ക്. 

559 ചില്ലറവിൽപന ഷോപ്പുകൾക്ക് അനുമതിയുണ്ടെങ്കിലും 309 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും ബാക്കിയുള്ളവ പ്രവർത്തിപ്പിക്കാൻ നടപടിയെടുക്കുമെന്നുമാണ്, ഇത്തവണത്തെ മദ്യനയം വിശദീകരിച്ചുകൊണ്ടു ജൂലൈയിൽ എക്സൈസ് മന്ത്രി പറഞ്ഞത്. 2022 മേയിലെ ഉത്തരവ് പ്രകാരമുള്ള ഷോപ്പുകളെക്കുറിച്ചാണു സൂചിപ്പിച്ചത്. എന്നാൽ മൂന്നു ദിവസത്തിനുശേഷം മദ്യനയം ഉത്തരവായി ഇറങ്ങിയപ്പോൾ ചില്ലറ വിൽപന ഷോപ്പുകളെക്കുറിച്ച് പരാമർശമുണ്ടായിരുന്നില്ല. ഈ വൈരുധ്യം അന്നു തന്നെ വിവാദമായിരുന്നു. ഉയർത്തിയ ലൈസൻസ് ഫീസ് രണ്ടരമാസം കഴിഞ്ഞിട്ടും ബാറുടമകളിൽ നിന്നു പിരിച്ചിട്ടുമില്ല. 

നയം മാറി; മദ്യശാലകൾ കൂടി

ഒന്നാം പിണറായി സർക്കാർ അധികാരമേറ്റപ്പോൾ 29 ബാറും 306 ബവ്കോ–കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുമാണുണ്ടായിരുന്നത്. യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപ്പെട്ട 440 ബാർ ലൈസൻസ് പുതുക്കി നൽകി. പുറമേയാണ് 250ലേറെ പുതിയ ലൈസൻസ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ നൽകിയത്. 720ൽ അധികം ബാറുകളും 300ൽ അധികം ബീയർ പാർലറുകളുമാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ബവ്കോ–കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ 317. 

English Summary:

No more Bevco shops till loksabha election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com