നിയമസഭാ അക്രമക്കേസ്: അന്വേഷണം അപൂർണമെന്ന് ഇടതുനേതാക്കളായ പ്രതികൾ
Mail This Article
തിരുവനന്തപുരം∙ നിയമസഭാ അക്രമക്കേസിൽ നടത്തിയ അന്വേഷണം അപൂർണമെന്നും ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറിയ രേഖകൾ ലഭിച്ചില്ലെന്നും എൽഡിഎഫ് നേതാക്കളായ പ്രതികൾ. മന്ത്രി വി.ശിവൻകുട്ടിയും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും കെ.ടി.ജലീൽ എംഎൽഎയും അടക്കമുള്ള 6 പ്രതികളാണു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരായി ഇക്കാര്യം പറഞ്ഞത്. പൊലീസിന്റെ തുടരന്വേഷണത്തിൽ അപാകതകളുണ്ട്. പൊലീസ് കോടതിയിൽ സമർപ്പിച്ച രേഖകൾ ഇതുവരെ കൈമാറിയില്ലെന്നും പ്രതികൾ പറഞ്ഞു.
കേസിന്റെ വിചാരണത്തീയതി ഡിസംബർ ഒന്നിനു തീരുമാനിക്കും. തുടരന്വേഷണ റിപ്പോർട്ടിലെ പുതിയ രേഖകൾ പ്രതിഭാഗത്തിനു നൽകാൻ കോടതി പൊലീസിനു നിർദേശം നൽകി. നിയമസഭയിൽ നടന്ന അക്രമത്തിനിടെ ഇടതു വനിതാ എംഎൽഎമാരെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരായിരുന്ന എം.എ.വാഹിദ്, കെ.ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണു നീക്കം.
വിചാരണ ഒഴിവാക്കാൻ പ്രതികൾ സുപ്രീം കോടതി വരെ പോയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചത്. നിയമസഭാ അക്രമക്കേസുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തുടരന്വേഷണം നടത്തിയെങ്കിലും പുതിയ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ പഴയ കുറ്റപത്രം പ്രകാരമായിരിക്കും വിചാരണ.
അക്രമം നടന്ന സമയത്ത് അന്നത്തെ ഭരണപക്ഷമായ കോൺഗ്രസ് എംഎൽഎമാർ, ഇടതു വനിതാ എംഎൽഎമാരെ ആക്രമിച്ചതായി സാക്ഷി മൊഴികളിൽ നിന്നു വ്യക്തമായതായാണു പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. വനിതാ സാമാജികർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് അംഗങ്ങൾ പ്രകോപിതരായെന്നും ഇതേ തുടർന്നാണ് അക്രമം ഉണ്ടായതെന്നും റിപ്പോർട്ടിലുണ്ട്. ഇതിൽ പുതിയ കേസ് എടുത്താൽ രണ്ടും ഒരുമിച്ചു വിചാരണ ചെയ്യണമെന്ന ആവശ്യം ഇടതു നേതാക്കൾ ഉയർത്തും. അതോടെ വിചാരണ നീട്ടാനാണു ലക്ഷ്യമിടുന്നത്.
2015 മാർച്ച് 13നാണ് ബാർ കോഴക്കേസിലെ പ്രതിയായിരുന്ന ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു ഇടത് എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിച്ചത്. അക്രമത്തിൽ 2,20,093 രൂപയുടെ പൊതുമുതൽ സഭയിൽ നശിപ്പിച്ചതാണു കേസ്. മന്ത്രി വി.ശിവൻകുട്ടിക്കു പുറമേ, മുൻ മന്ത്രിമാരായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ കെ.അജിത്, കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണു പ്രതികൾ.
യുഡിഎഫിന്റെ അക്രമം പ്രതിരോധിച്ചതെന്ന് ജയരാജൻ
നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ വലിയ അതിക്രമം കാണിച്ചതായി ഇ.പി.ജയരാജൻ കോടതിക്കു പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. സ്ത്രീകളെ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്തു. അപ്പോൾ അതിനെ പ്രതിരോധിക്കുക മാത്രമാണു ചെയ്തത്. ഇതു പൂർണമായി നിരാകരിച്ചാണ് ഉമ്മൻചാണ്ടി സർക്കാർ ഏകപക്ഷീയമായി കേസെടുത്തത്. തെറ്റു ചെയ്തില്ലെന്നു കോടതിയെ ബോധിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞു.