പി.ജയരാജന്റെ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി

Mail This Article
കൊച്ചി ∙ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം.ഷാജി ഉൾപ്പെടെയുള്ളവർക്കെതിരെ സിപിഎം നേതാവ് പി. ജയരാജൻ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം.ഷാജിയും മലയാള മനോരമയും നൽകിയ ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഉത്തരവ്.
അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയായ പി. ജയരാജനെതിരെ പൊലീസ് നിസ്സാര വകുപ്പുകൾ ചുമത്തി കേസെടുത്തതിനെ വിമർശിച്ച് ഷാജി നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണു പി. ജയരാജൻ അപകീർത്തിക്കേസ് നൽകിയത്. നിസ്സാര വകുപ്പുകൾ ചുമത്തി പ്രതികളെ പൊലീസ് സംരക്ഷിച്ചാൽ ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കും എന്നായിരുന്നു ഷാജിയുടെ പ്രസ്താവന. ഇതു തനിക്ക് അപകീർത്തി ഉണ്ടാക്കിയെന്ന് ആരോപിച്ച ജയരാജൻ, കെ.എം.ഷാജിക്കും പ്രസ്താവന പ്രസിദ്ധീകരിച്ച മനോരമ തുടങ്ങിയവർക്കും എതിരെ കേസ് നൽകി. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2015ൽ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചു തീർപ്പാക്കിയത്.