ADVERTISEMENT

കൊച്ചി ∙ ഇന്ത്യയുടെ ഭാവി പുരോഗതിയുടേതാണെന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇന്ത്യ 2027 ൽ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി മാറും. രാജ്യാന്തര നാണ്യനിധി ഇന്ത്യയുടെ വളർച്ചാ അനുമാനം 6.1 % നിന്ന് 6.3 % ആയി ഉയർത്തിക്കഴിഞ്ഞു. ആഗോളതലത്തിൽ സാമ്പത്തിക തളർച്ച നിലനിൽക്കുമ്പോഴാണ് ഇന്ത്യ കുതിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം സാധ്യമാക്കിയതിലൂടെ ഇന്ത്യയെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാടു മാറ്റാൻ മോദി സർക്കാരിനായി. വളർച്ചയിലേക്കു രാജ്യത്തെ നയിച്ച മോദി സർക്കാരിനെ തന്നെ വീണ്ടും ജനങ്ങൾ തിരഞ്ഞെടുക്കും– അവർ പറഞ്ഞു. ‘ഇന്ത്യ: ദ് ഫ്യൂച്ചർ സ്റ്റോറി’ എന്ന വിഷയം ചർച്ച ചെയ്ത മനോരമ ന്യൂസ് ‘കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മൃതി ഇറാനി. 

അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് സമഗ്ര മാറ്റത്തിന്റെ തുടക്കമാകുമെന്നും ദക്ഷിണേന്ത്യയാകും ഇന്ത്യയുടെ ഭാവി നിർണയിക്കാൻ പോകുന്നതെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ.ശിവകുമാർ പറഞ്ഞു. കർണാടകയിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനു മലയാളികളിൽനിന്നു ലഭിച്ച പിന്തുണ വലുതായിരുന്നുവെന്നു സമാപനസമ്മേളനത്തിൽ ശിവകുമാർ പറഞ്ഞു. 

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

കശ്‍മീരിൽ ജനാധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ തങ്ങൾ ഒറ്റയ്ക്കാണെന്നു പറഞ്ഞ നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉയർത്തുന്നതിൽ ‘ഇന്ത്യ’ മുന്നണിയിലെ പല പാർട്ടികളും പിന്തുണയ്ക്കുന്നില്ലെന്ന നിരാശ പങ്കുവച്ചു. 

മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യ എന്ന ആശയത്തെ പരിപോഷിപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ദൗത്യമെന്നു പറഞ്ഞ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തിരഞ്ഞെടുപ്പു ജയം മാത്രമല്ല രാഷ്ട്രീയത്തിൽ പ്രധാനമെന്ന് ഓർമിപ്പിച്ചു. 

ഭാവിയുടെ രാഷ്ട്രീയവും ജനാധിപത്യവും കലയും നിർമിതബുദ്ധിയും പ്രചോദന പ്രഭാഷണവുമെല്ലാം നിറഞ്ഞ സെഷനുകൾ സമ്മാനിച്ചതു പുതിയ ഇന്ത്യയുടെ ബഹുസ്വര ചിത്രം. രാജ്യത്തിന്റെ വികസന സ്വപ്നങ്ങളിലേക്കു ചിന്തകൾ പായിച്ച പ്രമുഖർ ശ്രോതാക്കളുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു 

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മലയാളി കായിക താരങ്ങളെയും പരിശീലകരെയും ആദരിച്ചു. മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു സ്വർണ മെഡലുകൾ സമ്മാനിച്ചു. മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു സ്മൃതി ഇറാനിക്ക് ഉപഹാരം സമ്മാനിച്ചു. എക്സിക്യൂട്ടീവ് എഡിറ്ററും ഡയറക്ടറുമായ ജയന്ത് മാമ്മൻ മാത്യു സ്വാഗതം ആശംസിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കോൺഗ്രസ് പ്രവർത്തകസമിതിയംഗം ശശി തരൂരും ഐഎസ്ആർഒ ചെയർമാൻ ഡോ.എസ് സോമനാഥുമടക്കമുള്ളവർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കോൺക്ലേവിലെ വിവിധ സെഷനുകളിൽ ആശയങ്ങൾ പങ്കുവച്ചു 

English Summary:

Modi will come again says Smriti Irani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com