ജോസഫിനെ കുത്തിയും മുറിവേൽപിച്ചും എം.എം.മണിയുടെ പ്രസംഗം
Mail This Article
തൊടുപുഴ ∙ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി എം.എം.മണി എംഎൽഎ. സ്‌പൈസസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ ഡീൻ കുര്യാക്കോസ് എംപിയും ജോസഫും പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ മുട്ടത്തു സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണു മണിയുടെ പരാമർശങ്ങൾ.
മണി പറഞ്ഞത്: ‘പി.ജെ.ജോസഫിനു രോഗമാണെങ്കിൽ ചികിത്സിക്കണം. ഒന്നിനും വയ്യെങ്കിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. നിയമസഭയിൽ ഒന്നോ രണ്ടോ തവണ വന്നുകാണും. കണക്കുണ്ട് എല്ലാത്തിനും. ഇവിടെ വ്യവസായ പാർക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പുള്ളി ഇല്ല, പുള്ളി കൊതികുത്തുവാ. ബോധമുണ്ടോ, അതും ഇല്ല. എന്നാലും വിടില്ല.’
പി.ജെ.ജോസഫിന്റെ ആരോഗ്യത്തെ പരിഹസിക്കുന്ന പരാമർശങ്ങൾ നടത്തിയ മണി, ജോസഫിന്റെ മകൻ അപു ജോസഫിനെയും വിമർശിച്ചു. ‘വോട്ട് ചെയ്തവൻമാരെ പറഞ്ഞാമതി, ഇതിൽപരം നാണക്കേട്, ഹോ...’ എന്നിങ്ങനെ തൊടുപുഴയിലെ വോട്ടർമാർക്കെതിരെയും മണി പ്രസംഗത്തിൽ വിമർശനം തുടർന്നു.
മണി മാപ്പു പറയണം: കേരള കോൺഗ്രസ്
തൊടുപുഴ ∙ പി.ജെ. ജോസഫ് എംഎൽഎക്കെതിരെ നടത്തിയ പ്രസ്താവന പിൻവലിച്ച് എം.എം.മണി മാപ്പു പറയണമെന്നു കേരള കോൺഗ്രസ്. പി.ജെ.ജോസഫിനെപ്പോലെ സംശുദ്ധമായ പ്രതിഛായയും രാഷ്ട്രീയ പാരമ്പര്യവുമുള്ള വ്യക്തിയെ സംസ്കാരശൂന്യമായ ഭാഷയിലാണ് മണി അധിക്ഷേപിച്ചതെന്നും മണിയെ നിയന്ത്രിക്കാൻ സിപിഎം ഇടപെടണമെന്നും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ, ഉന്നതാധികാര സമിതി അംഗം ജോസഫ് ജോൺ, നിയോജക മണ്ഡലം പ്രസിഡന്റ് ജോസി ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു.
മണിയെ സിപിഎം നിലയ്ക്കുനിർത്തണം: വി.ഡി.സതീശൻ
തിരുവനന്തപുരം ∙ കേരളത്തിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായ പി.ജെ.ജോസഫിനെ അധിക്ഷേപിച്ച എം.എം.മണി കേരളത്തിന്റെയാകെയും സിപിഎമ്മിന്റെയും ഗതികേടായി മാറരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മണിയെ നിലയ്ക്കുനിർത്താൻ സിപി എമ്മും മുഖ്യമന്ത്രിയും തയാറാകണം. മറുപടി ഇല്ലാതെ വരുമ്പോഴും സർക്കാർ പ്രതിസന്ധിയിലാകുമ്പോഴും രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാൻ മണിയെപ്പോലെയുള്ള വായ് പോയ കോടാലികളെ ഇറക്കിവിടുന്നതു സിപിഎമ്മിന്റെ തന്ത്രമാണ് – സതീശൻ പറഞ്ഞു.