ADVERTISEMENT

തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളിൽ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് (കെഫോൺ) ഉപയോഗിച്ചതിന്റെ ബിൽ തുക ഒരുമിച്ചു നൽകാനുള്ള തീരുമാനത്തിൽനിന്നു സർക്കാർ പി‍ന്മാറുന്നു. ധനവകുപ്പ് എതിർത്തതാണു കാരണം. ഇതോടെ, കെ ഫോൺ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്ന എല്ലാ സർക്കാർ ഓഫിസുകളും സ്വന്തം നിലയ്ക്കു കെ ഫോണിനു നേരിട്ടു പണമടയ്ക്കേണ്ടിവരും. അടുത്ത മാസം ബിൽ തുക അടച്ചു തുടങ്ങണം.

ജൂണിൽ പ്രവർത്തനം തുടങ്ങിയ കെ ഫോൺ ഇന്നലത്തെ കണക്കുപ്രകാരം സ്കൂളും ആശുപത്രിയും സെക്രട്ടേറിയറ്റും ഉൾപ്പെടെ 19,000 സർക്കാർ ഓഫിസുകളിൽ ഇന്റർനെറ്റ് നൽകിയിട്ടുണ്ട്. 

നിരക്കു കുറച്ചാണു സർക്കാർ ഓഫിസുകൾക്ക് ഇന്റർനെറ്റ് നൽകുന്നത്. ഓരോ ഓഫിസിൽ നിന്നും മാസാവസാനം ബിൽതുക പിരിച്ചെടുക്കുന്നതു ശ്രമകരമായതിനാലും കുടിശികയുണ്ടാകുമെന്നതുകൊണ്ടുമാണു സർക്കാർ നേരിട്ടു നൽകാൻ തീരുമാനിച്ചിരുന്നത്. 

ഓരോ വർഷവും നാലു ഗഡുക്കളായി തുക കെഫോണിനു കൈമാറാമെന്നായിരുന്നു ധാരണ. ഇതിലാണ് ഇപ്പോഴത്തെ തിരുത്ത്. പ്രവർത്തനം തുടങ്ങി ആറുമാസം പൂർത്തിയാകുന്നതിനാൽ അടുത്ത മാസം അവസാനത്തോടെ ഓരോ ഓഫിസിനും കെ ഫോൺ ബിൽ അയച്ചു തുടങ്ങും.

കിഫ്ബിയിൽനിന്നു പദ്ധതിക്കായി വായ്പയെടുത്ത തുകയുടെ തിരിച്ചടവ് കെഫോൺ 2024 ജൂലൈയിൽ തുടങ്ങണം. 100 കോടി രൂപ വീതം 11 വർഷത്തേക്കാണു തിരിച്ചടവ്. തിരിച്ചടവ് കരാർ കഴിഞ്ഞദിവസം ഒപ്പിട്ടിരുന്നു. എന്നാൽ ഇതുവരെ കെ ഫോൺ വരുമാനമുണ്ടാക്കിത്തുടങ്ങിയിട്ടില്ല. 19,000 സർക്കാർ ഓഫിസുകളിലും 250ൽ താഴെ വീടുകളിലുമാണ് ഇതുവരെ വാണിജ്യ കണക്‌ഷൻ എത്തിയിട്ടുള്ളത്. ഊർജിതമായി പിരിച്ചാലും കിഫ്ബിക്കുള്ള തിരിച്ചടവ് തുക ഇതിൽനിന്നു ലഭിക്കില്ല. ആദ്യ വർഷം 350 കോടി രൂപയുടെ വരുമാനമാണു കെ ഫോൺ ലക്ഷ്യം വച്ചിരുന്നത്.

English Summary:

Kfon bill offices have to pay themselves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com