ചെങ്ങന്നൂർ – പമ്പ പാത: പൂർണമായും ആകാശപാതയല്ല; 28 കിലോമീറ്റർ ഭൂനിരപ്പിൽ

Mail This Article
പത്തനംതിട്ട ∙ നിർദിഷ്ട ചെങ്ങന്നൂർ–പമ്പ പാത പൂർണമായും ആകാശ പാതയായിരിക്കില്ലെന്നു റെയിൽവേ. 60 കിലോമീറ്റർ പാതയിൽ 32 കിമീ ദൂരമായിരിക്കും തൂണുകളിലും തുരങ്കങ്ങളിലും. 28 കിലോമീറ്റർ ഭൂനിരപ്പിൽ തന്നെയാകും. പാത തുടങ്ങുന്ന ചെങ്ങന്നൂരിൽ ഭൂനിരപ്പിലാണു പാത ആരംഭിക്കുക. വയലുകൾ വരുന്ന സ്ഥലങ്ങളിൽ തൂണുകളിലൂടെയാകും പാത കടന്നു പോകുകയെന്നു നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഷാജി സഖറിയ പറഞ്ഞു.
പദ്ധതിയുടെ വിശദമായ പഠന റിപ്പോർട്ട് ഡിസംബറിൽ തയാറാകും. പദ്ധതി സംബന്ധിച്ചു അവതരണത്തിനായി ജനപ്രതിനിധികളുടെ യോഗം വിളിക്കാൻ കലക്ടർമാർക്കു കത്തു നൽകിയിട്ടുണ്ടെന്നു അധികൃതർ പറഞ്ഞു. പുണെ ആസ്ഥാനമായ കമ്പനിയാണു ഡിപിആർ തയാറാക്കുന്നത്. ഏകദേശം. 177.80 ഹെക്ടർ ഭൂമിയാണു പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരിക.
ചെങ്ങന്നൂർ നഗരസഭ, മല്ലപ്പുഴശേരി, ആറന്മുള, കോഴഞ്ചേരി, ചെറുകോൽ, വടശേരിക്കര, റാന്നി, കീക്കൊഴൂർ, സീതത്തോട്, അത്തിക്കയം, പെരുനാട് വില്ലേജുകളിലാണു പാതയ്ക്കായി ഭൂമിയേറ്റെടുക്കേണ്ടത്. ഇതിൽ ചില മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. ശബരിമല സീസണിൽ മാത്രമാകും ഈ പാതയിലൂടെ ട്രെയിനോടിക്കുക. മറ്റു സമയങ്ങളിൽ പാത അടച്ചിടും. വനം വകുപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വടശേരിക്കര മുതൽ പമ്പ വരെയുള്ള മണ്ണ് പരിശോധന പൂർത്തിയാക്കും. ഇതിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.