എയിംസ് പാലക്കാട്ട് അനുവദിക്കാൻ സംസ്ഥാന ബിജെപി സമ്മർദം
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ കോഴിക്കോട്ട് സ്ഥാപിക്കണമെന്നു താൽപര്യപ്പെടുന്ന എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) പാലക്കാട്ട് അനുവദിക്കാനായി സംസ്ഥാന ബിജെപി നേതൃത്വം സമ്മർദം ശക്തമാക്കുന്നു. കേന്ദ്രം രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടാൽ എയിംസ് കോഴിക്കോട് ജില്ലയിലെ കിനാലൂരിനു പകരം പാലക്കാട്ട് വന്നേക്കും.
കേന്ദ്രം ആവശ്യപ്പെട്ടതു പ്രകാരം വൈദ്യുതിയും വഴിയും അടക്കമുള്ള സൗകര്യങ്ങൾ കിനാലൂരിൽ സംസ്ഥാന സർക്കാർ ഇതിനകം ഒരുക്കിയിട്ടുണ്ട്. 150 ഏക്കറോളം സ്ഥലം വ്യവസായ വകുപ്പിൽ നിന്ന് ആരോഗ്യവകുപ്പിനു കൈമാറുകയും ചെയ്തു. മറ്റൊരു 50 ഏക്കർ കൂടി ഏറ്റെടുക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്.
പ്രവർത്തനങ്ങൾ ഇത്രയും മുന്നേറിയ ഘട്ടത്തിൽ കേന്ദ്ര സർക്കാർ കിനാലൂരിനെ കൈവിടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രതീക്ഷ.
പാലക്കാട്ട് എയിംസ് വന്നാൽ അതു രാഷ്ട്രീയ നേട്ടമാകുമെന്നാണു കേന്ദ്രവും സംസ്ഥാന ബിജെപിയും കണക്കുകൂട്ടുന്നത്. പാലക്കാട് യാക്കരയിലെ സർക്കാർ മെഡിക്കൽ കോളജിന് അനുബന്ധമായി പദ്ധതി കൊണ്ടുവരാം. തമിഴ്നാട്ടിലെ ജനങ്ങൾക്കും എയിംസിന്റെ പ്രയോജനം ലഭിക്കും.
ശിശുമരണനിരക്ക് ഏറ്റവും ഉയർന്നു നിൽക്കുന്ന അട്ടപ്പാടി മേഖല കൂടി കണ്ടാണു പാലക്കാടിനെ പരിഗണിക്കുന്നതെന്നാണു ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി, കോട്ടയം മെഡിക്കൽ കോളജ്, കളമശേരി എച്ച്എംടി, കോഴിക്കോട് കിനാലൂർ എന്നിങ്ങനെ നാലു സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കുന്നതിനായി സംസ്ഥാനം കേന്ദ്രത്തിനു മുന്നിൽ വച്ചത്.