ADVERTISEMENT

തൃശൂർ ∙ 60 ലക്ഷം രൂപ വായ്പയെടുക്കാൻ അപേക്ഷ നൽകിയ റിസോർട്ട് ഉടമയുടെ പേരിൽ അദ്ദേഹമറിയാതെ കുട്ടനെല്ലൂർ സഹകരണ ബാങ്കിൽ നിന്ന് ഒരു കോടി രൂപ കൂടി പാസാക്കി തട്ടിച്ചതായി പരാതി. വ്യാജ വിലാസങ്ങളിലാണു വായ്പ പാസാക്കിയതെന്നും ബാങ്ക് അധികൃതർ അറിഞ്ഞുകൊണ്ടാണു തട്ടിപ്പു നടന്നതെന്നും റിസോർട്ടിന്റെ ഉടമ പാണഞ്ചേരി സ്വദേശി സുധാകരൻ രായിരത്ത് ആരോപിച്ചു. സിപിഎം ഭരിക്കുന്ന ബാങ്ക് ആണു പ്രതിസ്ഥാനത്ത് എന്നതുകൊണ്ടു പൊലീസ് സഹായം ലഭിച്ചില്ല. ഇതോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പരാതി നൽകുകയും ജില്ലാ സെക്രട്ടറി തന്നെ മധ്യസ്ഥ ചർച്ച നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. 

പാണഞ്ചേരി രായിരത്തു റിസോർട്ട് ഉടമയായ സുധാകരന്റെ പരാതിയിൽ പറയുന്നതിങ്ങനെ: റിസോർട്ടിന‍ു മേൽ സിഎസ്ബി ബാങ്കിൽ 72.50 ലക്ഷം രൂപയുടെ വായ്പയുണ്ടായിരുന്നു. റിസോർട്ട് വിൽക്കാൻ തീരുമാനിച്ചതോടെ 2016ൽ മാള കുഴൂർ സ്വദേശി വാങ്ങാൻ താൽപര്യമറിയിച്ചെത്തി. 80 സെന്റ് ഭൂമിയും 10,000 ചതുരശ്രയടി വിസ്തീർണമുള്ള റിസോർട്ട് കെട്ടിടവും മൂന്നരക്കോടി രൂപയ്ക്കു വില പറഞ്ഞുറപ്പിച്ചു. വായ്പ കുട്ടനെല്ലൂർ സഹകരണ ബാങ്കിലേക്കു ‘ടേക്ക് ഓവർ’ ചെയ്യിക്കണമെന്നായിരുന്നു വാങ്ങാനെത്തിയയാളുടെ ആവശ്യം. റിസോർട്ട് വാങ്ങുമെന്ന ഉറപ്പിന്മേൽ ഇക്കാര്യം സുധാകരൻ സമ്മതിച്ചു. കുട്ടനെല്ലൂർ ബാങ്കിൽ നിന്നു മാള സ്വദേശിക്കും ഭാര്യയ്ക്കും 25 ലക്ഷം രൂപ വീതവും സുധാകരനു 10 ലക്ഷം രൂപയും വായ്പയായി പാസാക്കി നൽകി. 

എന്നാൽ, ഇതേ ദിവസം തന്നെ ബാങ്ക് ഭരണസമിതി തന്റെ അറിവോ സമ്മതമോ കൂടാതെ മറ്റത്തൂരിലെ വ്യാജ വിലാസത്തിലുള്ള 4 പേർക്കായി ഒരു കോടി രൂപ കൂടി വായ്പ നൽകി. സുധാകരന്റെ റിസോർട്ടിന്റെ ഈടിന്മേലായ‍ിരുന്നു വായ്പ. റിസോർട്ട് വിൽക്കുന്നതിനു മുൻപായി കുടിക്കട സർട്ടിഫിക്കറ്റ്‍ എടുത്തപ്പോഴാണു ഒരു കോടി രൂപ അധിക വായ്പ കൂടി പാസാക്കിയിരുന്നതായി അറിയുന്നത്. ബാങ്ക് സെക്രട്ടറിക്കാണ് ആദ്യം പരാതി നൽകിയത്. നടപടിയില്ലാതെ വന്നപ്പോൾ പൊലീസിനും സഹകരണ വകുപ്പിനും പരാതി നൽകി. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നൽകിയ പരാതി പരിഗണിച്ചു ജില്ലാ സെക്രട്ടറി മധ്യസ്ഥ ചർച്ചയ്ക്കു വിളിപ്പിച്ചു. എന്നിട്ടും നീതി കിട്ടിയില്ല. ഇതിനിടെ മൊത്തം കടം 3 കോടി രൂപയായി എന്നു കാട്ടി ബാങ്ക് ജപ്തി നോട്ടിസ് അയച്ചു. തട്ടിപ്പിന്റെ വിവരം ഹൈക്കോടതിയെ അറിയിച്ചു സ്റ്റേ വാങ്ങിയിരിക്കുകയാണു സുധാകരൻ. ബാങ്ക് ഭരണസമിതിയുടെ അറിവോടെയാണു തട്ടിപ്പു നടന്നതെന്ന് അനിൽ അക്കര ആരോപിച്ചു. 

English Summary:

Complaint that the owner of the resort, who had taken a loan of sixty lakhs, unknowingly stole one crore in his name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com