ADVERTISEMENT

തിരുവനന്തപുരം ∙   സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ ആറു മാസത്തിനിടെ  ശേഖരിച്ച 110 യൂണിറ്റ് രക്തം എച്ച്ഐവി സ്ഥിരീകരിച്ചതിനെത്തുടർന്നു നശിപ്പിച്ചു.  ആകെ ശേഖരിച്ചതു രണ്ടര ലക്ഷം യൂണിറ്റാണ്. ഇതിൽ 110 യൂണിറ്റിലായി 38.5 ലീറ്ററിലാണ് അണുബാധ. ഒരു ബാഗിൽ (യൂണിറ്റ്) 350 മില്ലി ലീറ്റർ രക്തം ശേഖരിക്കും. പ്രതിവർഷം 6.50 ലക്ഷം ലീറ്റർ രക്തം ബ്ലഡ് ബാങ്കുകളിൽ എത്താറുണ്ട്. ഇതിൽ ശരാശരി 225 യൂണിറ്റിൽ എച്ച്ഐവി കണ്ടെത്താറുണ്ട്. രോഗാണു സാന്നിധ്യമുള്ള രക്തം നശിപ്പിക്കുന്നതാണു പതിവ്. 

2013ന് ശേഷം ഇതുവരെ 6 കുട്ടികൾക്കാണു രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിച്ചത്. രക്താർബുദം ബാധിച്ച് ആർസിസിയിൽ ചികിത്സയിൽ തേടിയ ആലപ്പുഴ സ്വദേശിയായ പെൺകുട്ടിക്കാണ് ഒടുവിൽ എച്ച്ഐവി ബാധിച്ചത്. ഇതോടെ രക്തദാനം കുറ്റമറ്റതാക്കാൻ ശ്രമം ആരംഭിച്ചെങ്കിലും ഇനിയും പൂർണതോതിൽ നടപ്പായിട്ടില്ല. 

എച്ച്ഐവി രോഗാണു ഒരാളുടെ ശരീരത്തിൽ എത്തി 21 ദിവസം കഴിഞ്ഞാൽ മാത്രമേ എലീസ പരിശോധനയിലൂടെ അക്കാര്യം സ്ഥിരീകരിക്കാനാകൂ. 21 ദിവസം വരെ വിൻഡോ പീരിയഡ് ആയാണു കണക്കാക്കുന്നത്. ഈ കാലാവധിക്കുള്ളിൽ നടത്തുന്ന എലീസ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരിക്കും. ആർസിസി സംഭവത്തോടെ, എച്ച്ഐവി ശരീരത്തിൽ പ്രവേശിച്ച് 7 മതൽ 9 വരെ ദിവസത്തിനകം കണ്ടെത്താനുള്ള ന്യൂക്ലിക് ആസിഡ് ടെസ്റ്റ് (നാറ്റ്) പരിശോധന വിദഗ്ധർ ശുപാർശ ചെയ്തു. എന്നാൽ 7 ദിവസം മുൻപാണെങ്കിൽ ആ പരിശോധനയിലും കണ്ടെത്താനാവാത്ത സ്ഥിതിയാണ്.

ഒരു ബ്ലഡ് സാംപിൾ പരിശോധിക്കാൻ 1100 രൂപയാണു ചെലവ്. സംസ്ഥാനത്തു സർക്കാർ, സ്വകാര്യ മേഖലകളിലായി 190 ബ്ലഡ് ബാങ്കുകൾ ഉണ്ട്. ‘നാറ്റ്’ പരിശോധനയ്ക്ക് ഉയർന്ന ചെലവായതിനാൽ 9 – 11 ദിവസത്തിനുള്ളിൽ എച്ച്ഐവി ബാധ ഉണ്ടെങ്കിൽ കണ്ടെത്താവുന്ന ക്ലിയ ടെസ്റ്റിനെ ആശ്രയിക്കാൻ സർക്കാർ തീരുമാനിച്ചു. ഒരു പരിശോധനയുടെ ചെലവ് 250 രൂപ. ഈ പരിശോധനയിലൂടെ ഹെപ്പടൈറ്റിസ് ബി, സി, സിഫിലിസ് എന്നിവയുടെ രോഗാണുക്കളെയും കണ്ടെത്താം. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജുകൾ, തിരുവനന്തപുരം ആർസിസി, പാലക്കാട് ജില്ല ആശുപത്രി എന്നിവിടങ്ങളിൽ മാത്രമേ ക്ലിയ ടെസ്റ്റ് ഉള്ളൂ. 

English Summary:

HIV confirmed one hundred and ten units of blood destroyed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com