ADVERTISEMENT

കൊച്ചി ∙ എറണാകുളം നോർത്ത് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ നടൻ വിനായകന് എതിരെയുള്ള കേസിൽ പൊലീസ് പാർട്ടി സ്വാധീനത്തിനു വഴങ്ങിയെന്ന് ഉമ തോമസ് എംഎൽഎയുടെ ആരോപണം. കേസിൽ നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എസ്.ശശിധരന്റെ വിശദീകരണം. വിനായകൻ സ്റ്റേഷനിൽ അപമര്യാദയായി പെരുമാറിയിട്ടും ദുർബല വകുപ്പുകൾ ചുമത്തിയാണു കേസ് എടുത്തതെന്നാണ് ഉമ തോമസ് പറഞ്ഞത്.  

‘പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിൽ പേക്കൂത്ത് നടത്തിയ വിനായകനെ ജാമ്യത്തിൽ വിട്ടയച്ചതു സഖാവായതിന്റെ പ്രിവിലേജിലാണോ അതോ ക്ലിഫ് ഹൗസിൽ നിന്നുള്ള നിർദേശപ്രകാരമാണോ? ലഹരിക്ക് അടിമയായ വിനായകൻ എസ്എച്ച്ഒ ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചിട്ടും ദുർബലമായ വകുപ്പുകൾ ചുമത്തിയത് പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കും. ഇതു  തെറ്റായ സന്ദേശമാണ് നൽകുക.’ എംഎൽഎ പറഞ്ഞു. 

വിനായകന് എതിരെ ഐപിസി 353 പ്രകാരം ജാമ്യം കിട്ടാത്ത കേസ് എടുക്കേണ്ടിയിരുന്നു എന്നും അവർ ചൂണ്ടിക്കാട്ടി. കേരള പൊലീസ് ആക്ട് 118എ, 117 ഇ എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡിസിപി എസ്. ശശിധരൻ വ്യക്തമാക്കി. പൊതുസ്ഥലത്തു മദ്യപിച്ചു പ്രശ്നമുണ്ടാക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനുമുള്ള വകുപ്പുകളാണിവ. 

മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണു രണ്ടും. സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതല്ലാതെ വിനായകൻ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തതായി തെളി‍ഞ്ഞിട്ടില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളുൾപ്പെടെ വിശദമായി പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും ദൃശ്യങ്ങളുണ്ടെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കും. 

മദ്യപിച്ചു കഴിഞ്ഞാൽ കുറച്ചു പ്രശ്നക്കാരനാണു വിനായകനെന്നും പൊലീസുകാരെ അസഭ്യം പറഞ്ഞിട്ടുണ്ടെങ്കിൽ അതും പരിശോധിച്ചു കർശന നടപടിയെടുക്കുമെന്നും ഡിസിപി പറഞ്ഞു. അതേസമയം, സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വിനായകന് അനുകൂലമായും പ്രതികൂലമായും അഭിപ്രായപ്രകടനങ്ങൾ സജീവമാണ്. വിനായകനെ സ്റ്റേഷനിൽ പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയല്ലെന്ന വിമർശനം ശക്തമാണ്. 

വീട്ടിൽ മഫ്ടിയിൽ എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ഐഡി കാർഡ് ചോദിച്ചിട്ടും കാണിക്കാത്തതിലുള്ള അമർഷം മാത്രമേ വിനായകൻ സ്റ്റേഷനിൽ പ്രകടിപ്പിച്ചിട്ടുള്ളൂ എന്നാണ് വിനായകനെ അനൂകൂലിക്കുന്നവരുടെ വാദം. പൊലീസ് തുടർച്ചയായി വിനായകനെ ‘നീ’ എന്ന് അഭിസംബോധന ചെയ്തെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ച ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്നു വിനായകൻ പൊലീസിനെ കലൂരിലെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയിരുന്നു. 

വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘം ഇരുവരുടെയും മൊഴി രേഖപ്പെടുത്തി മടങ്ങി. ഇതിൽ തൃപ്തനാകാതെ വൈകിട്ട് സ്റ്റേഷനിലെത്തിയ വിനായകൻ ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടുണ്ടെന്നു വ്യക്തമാവുകയും കേസെടുത്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു.

English Summary:

Uma Thomas and police on Actor Vinayakan's Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com