അറുപതിൽ മകനു വൃക്കനൽകിയ അമ്മ നൂറിലും ചുറുചുറുക്കിൽ!

Mail This Article
കഴക്കൂട്ടം (തിരുവനന്തപുരം) ∙ പ്രായം നൂറിലെത്തുമ്പോഴും മേരി ഗ്രേസ് ആന്റണിയുടെ കരളുറപ്പിനു കുലുക്കമില്ല, കൂടിയിട്ടേയുള്ളൂ. 40 വർഷം മുൻപ് 60–ാം വയസ്സിൽ വൃക്കകളിലൊന്നു മകനു ദാനം ചെയ്തു. അവയവദാനത്തെക്കുറിച്ച് ആളുകൾക്കിടയിൽ കേട്ടുകേൾവിയില്ലാത്ത അക്കാലത്ത് വിവരമറിഞ്ഞ പലരും വിലക്കി. എന്നാൽ തന്റെ വൃക്ക യോജിക്കുമെങ്കിൽ മകൻ സിറിൾ ആന്റണിക്കു നൽകണമെന്ന് മേരി ഗ്രേസ് ഡോക്ടർമാരോട് ആവശ്യപ്പെട്ടു. അന്നു കേരളത്തിലൊരിടത്തും അവയവ കൈമാറ്റത്തിനുള്ള സംവിധാനമില്ല. ചെന്നൈയിൽ നടന്ന ശസ്ത്രക്രിയ വിജയമായെങ്കിലും ആ സന്തോഷത്തിന് പക്ഷേ 8 മാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 33–ാം വയസ്സിൽ സിറിൾ മരിച്ചു.
വൃക്കദാനം ചെയ്ത ശേഷം 100 വയസ്സെത്തുമ്പോഴും ആരോഗ്യത്തോടെ ജീവിച്ചവർ അപൂർവമാവുമ്പോൾ, ഈ സന്തോഷവേളയുടെ ചുറുചുറുക്കിലാണ് മേരി ഗ്രേസ്. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല. 7 മക്കളിൽ സിറിളടക്കം 2 പേർ മരിച്ചു. പിറന്നാൾ ആഘോഷിക്കാൻ മക്കളും പേരക്കുട്ടികളും കഴക്കൂട്ടം പുത്തൻതോപ്പിലെ ‘ഗ്രീൻലാൻഡ്’ എന്ന വീട്ടിൽ ഒത്തുചേർന്നിരുന്നു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തും പുത്തൻതോപ്പ് ജയ്ഹിന്ദ് വായനശാലയും മേരി ഗ്രേസിന് അനുമോദനം അർപ്പിച്ചു.