ADVERTISEMENT

തിരുവനന്തപുരം ∙ ചന്ദ്രയാൻ 3 ലാൻഡർ (വിക്രം) ചന്ദ്രനിലിറങ്ങിയപ്പോൾ പറന്നുയർന്ന പൊടിപടലങ്ങളുടെ ഭാരം ലാൻഡറിന്റെ മൊത്തം ഭാരത്തേക്കാൾ കൂടുതലെന്നു പഠനം. ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകർഷണം, താരതമ്യേന ശൂന്യ അന്തരീക്ഷം എന്നിവ കാരണമാണ് ഏകദേശം 2.06 ടൺ മണ്ണ് ചുറ്റുപാടും പറന്നു വ്യാപിച്ചതെന്ന് ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിങ്ങിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. കഴിഞ്ഞ ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയിന്റിലാണ് വിക്രം തെന്നിയിറങ്ങിയത്. 

1752 കിലോഗ്രാം ഭാരമുള്ള ലാൻഡർ സെക്കൻഡിൽ ഏകദേശം 2 മീറ്റർ വേഗത്തിൽ താഴേക്കു പതിച്ചാണു സോഫ്റ്റ്‌ ലാൻഡിങ് നടത്തിയത്. ലാൻഡ് ചെയ്യുന്നതിനു തൊട്ടു മുൻപു വരെ 2 ത്രസ്റ്റർ എൻജിനുകൾ പ്രവർത്തിച്ചിരുന്നു. ഇവയുടെ പ്രവർത്തനവും ശക്തിയോടെയുള്ള ലാൻഡിങ്ങും കാരണമാണ് ഉപരിതലത്തിലെ മണ്ണ് ഉയർന്നു പൊങ്ങിയത്. ഈ സമയം ചന്ദ്രനിൽ പതിച്ചിരുന്ന സൂര്യപ്രകാശത്തിനു പ്രതിഫലന വ്യതിയാനവും സംഭവിച്ചു. 

ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ചന്ദ്രയാൻ 2 ഓർബിറ്ററിലെ ക്യാമറ ലാൻഡർ സോഫ്റ്റ്‌ലാൻഡ് ചെയ്യുന്നതിനു മുൻപും ശേഷവും ശിവശക്തി ബിന്ദുവിലെ ഉയർന്ന റെസല്യൂഷൻ ചിത്രം പകർത്തിയിരുന്നു. ഈ ചിത്രങ്ങളിൽ നിന്നു സൂര്യപ്രകാശത്തിന്റെ പ്രതിഫലന വ്യതിയാനത്തിന്റെ പ്രത്യേകതകൾ വിദഗ്ധർ പഠിച്ചു. പ്രതിഫലന വ്യതിയാനം കാരണം ലാൻഡറിനു ചുറ്റുമായി പ്രകാശം പ്രഭാവലയം പോലെ കാണപ്പെട്ടുവെന്ന് പഠനത്തിൽ പറയുന്നു. ഇതു ലാൻഡർ ഇറങ്ങിയ പ്രദേശത്തിന്റെ ഏകദേശം 108.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു.

English Summary:

Dust lifted by Vikram in Moon weighs more than the lander on Chandrayaan 3 mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com