ADVERTISEMENT

തിരുവനന്തപുരം ∙ സംഭരിച്ച നെല്ലിനു വില നൽകുന്നതിലെ സംസ്ഥാന വിഹിതമായി 200 കോടി രൂപ സപ്ലൈകോയ്ക്ക് സർക്കാർ അനുവദിച്ചു. വരുന്ന സീസണിലെ നെല്ലു സംഭരണത്തെപ്പറ്റി ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതി വെള്ളിയാഴ്ച യോഗം ചേർന്നതിനു പിന്നാലെയാണു ധനവകുപ്പ് തുക അനുവദിച്ചത്. 

നേരത്തേ സംസ്ഥാന വിഹിതമായി 180 കോടി രൂപ അനുവദിച്ചിരുന്നു. 11 വർഷമായി ഈയിനത്തിൽ 1000 കോടി രൂപയോളം കുടിശിക ഉണ്ടായിരുന്നത് ഇതോടെ 620 കോടിയിൽപരം രൂപയായി കുറഞ്ഞു. നെല്ലു സംഭരണത്തിനായി ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 577.50 കോടി രൂപയാണെന്നതിനാൽ കുടിശിക മുഴുവൻ നൽകാൻ ബജറ്റ് വിഹിതം തികയില്ല. പല തവണയായി ഗഡുക്കളായി തുക അനുവദിക്കുന്നുണ്ടെന്ന നിലപാടിലാണ് ധനവകുപ്പ്. 

കേന്ദ്ര സർക്കാരിൽ നിന്നു 2023 വരെ 5 സാമ്പത്തിക വർഷങ്ങളിലായി നെല്ലു സംഭരിച്ചതിന്റെ വിഹിതമായി 671.96 കോടി രൂപ ലഭിക്കാനുണ്ട്. സപ്ലൈകോ മുഖേന സംസ്ഥാനം ഓഡിറ്റ് ചെയ്ത കണക്കുകൾ സമർപ്പിക്കുന്നതനുസരിച്ച് ഇതും നേടിയെടുക്കേണ്ടതുണ്ട്. 

വിതരണക്കാർക്കു പണം നൽകാൻ അടിയന്തരമായി 665 കോടി രൂപ വേണമെന്ന സപ്ലൈകോയുടെ ആവശ്യത്തിൽ ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. വിപണി ഇടപെടലിനായി ഈ വർഷം നീക്കിവച്ചിരിക്കുന്ന 190.80 കോടി രൂപയിൽ 140 കോടിയാണ് ഇതുവരെ നൽകിയത്. സാധനങ്ങളുടെ ക്ഷാമം മൂലം സപ്ലൈകോ വിൽപനശാലകളിലെ കച്ചവടം കാര്യമായി കുറഞ്ഞിട്ടുണ്ട്.

കൺസോർഷ്യം, അല്ലെങ്കിൽ‍ കേരള ബാങ്ക്

ആലപ്പുഴ/തിരുവനന്തപുരം ∙ സഹകരണ സംഘങ്ങളുടെ കൺസോർഷ്യം വഴിയോ അതു നടക്കില്ലെങ്കിൽ‍ കേരള ബാങ്ക് വഴിയോ പണം നൽകി നെല്ലു സംഭരിക്കാനുള്ള ആലോചന തുടരുകയാണെന്നു മന്ത്രി പി.പ്രസാദ് പറഞ്ഞു. കേരള ബാങ്ക് വഴിയാണെങ്കിൽ അതിനു റിസർവ് ബാങ്കിന്റെ നിബന്ധനകൾ തടസ്സമാകുമോ എന്നും പരിശോധിക്കുന്നു. ഇക്കാര്യങ്ങൾ പഠിച്ചു റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാഥമിക സംഘങ്ങൾ വഴി നെല്ലു സംഭരിക്കാനുള്ള ആലോചന ഉപേക്ഷിച്ചിട്ടില്ല. ഗോഡൗൺ ഇല്ലാത്ത സംഘങ്ങളുടെ കാര്യത്തിൽ പകരം വഴിയെന്തെന്നു നോക്കണം. 

English Summary:

Paddy fund for supplyco allotted

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com