എസ്എൻ ട്രസ്റ്റ് തിരഞ്ഞെടുപ്പ്: 5 മേഖലകളിൽ എതിരില്ലാതെ ഔദ്യോഗിക വിഭാഗം

Mail This Article
കൊല്ലം ∙ എസ്എൻ ട്രസ്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് 3 (ഇ) വിഭാഗം അംഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 10 മേഖലകളിൽ അഞ്ചിലും ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന ഔദ്യോഗിക വിഭാഗം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വോട്ടെടുപ്പു നടന്ന കൊല്ലം ഉൾപ്പെടെ മറ്റ് 5 മേഖലകളിൽ വോട്ടെണ്ണൽ രാത്രി വൈകിയും തുടർന്നു.
തിരുവനന്തപുരം (86 പ്രതിനിധികൾ), ചേർത്തല (46), പാലക്കാട് ( 51), കോഴിക്കോട് (63), കണ്ണൂർ (71) എന്നീ മേഖലകളിലാണ് എതിരില്ലാതെ വിജയം. കൊല്ലം മേഖലയിൽ നിന്നു 117 പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടേണ്ടതിൽ എല്ലാ സ്ഥാനത്തേക്കും എസ്എൻഡിപി യോഗം– എസ്എൻ ട്രസ്റ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എതിർപാനൽ മത്സരരംഗത്തുണ്ടായിരുന്നു.
വർക്കല (130), പുനലൂർ (63), നങ്ങ്യാർകുളങ്ങര (87), തൃശൂർ (37) എന്നീ മേഖലകളിലും വോട്ടെടുപ്പ് നടന്നെങ്കിലും എല്ലാ സ്ഥാനങ്ങളിലേക്കും മത്സരം ഉണ്ടായില്ല. 10 മേഖലകളിൽ നിന്നായി ആകെ 751 പ്രതിനിധികളാണു തിരഞ്ഞെടുക്കപ്പെടുക. ട്രസ്റ്റിലേക്ക് 100 രൂപ മുതൽ 5000 രൂപ വരെ സംഭാവന നൽകിയവരുടെ വിഭാഗമാണ് 3(ഇ). 5000 മുതൽ ഒരു ലക്ഷം വരെ സംഭാവന നൽകിയവരുടേത് 3(ഡി) യും.
വിദഗ്ധ അംഗങ്ങളെ നാമനിർദേശം ചെയ്യുന്ന വിഭാഗമാണ് 3 (ഐ). 3(ഡി), 3(ഐ) വിഭാഗം പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് യഥാക്രമം നവംബർ 10 നും 23 നും നടക്കും. ട്രസ്റ്റ് ചെയർമാൻ, സെക്രട്ടറി, അസി. സെക്രട്ടറി, ട്രഷറർ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പ് 24 നും 25 നും നടത്തുമെന്നു ചീഫ് റിട്ടേണിങ് ഓഫിസർ അഡ്വ. കെ. രാജേഷ് കണ്ണൻ അറിയിച്ചു.