ADVERTISEMENT

അന്തരിച്ച ആർഎസ്എസ് മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ.ഹരിയെക്കുറിച്ചുള്ള ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ അനുസ്‍മരണക്കുറിപ്പ്

∙ദൈവം നൽകിയ ജീവിതം രാഷ്ട്രീയ സ്വയംസേവക സംഘത്തിനുള്ളതാണെന്നുറപ്പിച്ചു പുരുഷായുസ്സ്‌ മുഴുവൻ അതിനായി സമർപ്പിച്ച്‌ പ്രസ്ഥാനത്തിന്റെ ദേശീയ ബൗദ്ധിക പ്രമുഖ്‌ സ്ഥാനത്തുവരെ എത്തിച്ചേർന്നയാളാണ് എല്ലാവരും ഹരിയേട്ടൻ എന്നു വിളിക്കുന്ന ആർ.ഹരി. ആദർശനിഷ്ഠയിലൂന്നി കഠിനമായി യത്നിക്കുകയും ആ ജീവിതബോധ്യത്തിൽനിന്ന് അണുവിട വ്യതിചലിക്കാതെ അന്ത്യനിമിഷം വരെ കർമനിരതനാകുകയും ചെയ്തു അദ്ദേഹം. വിസ്മയകരമായ സംഘാടനശേഷി, പാണ്ഡിത്യം, പരന്ന വായന, ബഹുഭാഷാനിപുണത, ഏതു വിഷയവും നിരീക്ഷിച്ച്‌ സ്വാംശീകരിക്കാനുള്ള പാടവം തുടങ്ങിയവ അദ്ദേഹത്തെ ആസേതുഹിമാചലം യാത്ര ചെയ്യുന്ന ഉന്നത ദേശീയ കാര്യകർതൃ നേതാവായി ഉയർത്തി

ഓർമശക്തിയിലും കർമരംഗത്തെ കണിശതയിലും ജീവിതനിഷ്ഠയിലും ഹരിയേട്ടനു തുല്യരെ വർത്തമാനകാല സമൂഹത്തിൽ കാണാനുണ്ടാകില്ല. മികച്ച വാഗ്മിയും ഗ്രന്ഥരചയിതാവും സംവാദകനുമായിരുന്ന ഇദ്ദേഹം ഏതു വിഷയത്തെയും തന്റെ പ്രസ്ഥാനത്തിന്റെ ഉരുക്കുമൂശയിലൂടെ വാർത്തെടുത്ത്‌ അവതരിപ്പിക്കുന്നതിൽ അഗ്രഗണ്യനായിരുന്നു. ഉടയാത്ത വാക്കുകളും പതറാത്ത ചിന്തകളും ദേശീയതയിലൂന്നിയ ആഖ്യാനങ്ങളും ആവിഷ്കാരങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

വാക്കുകൾക്കതീതമായ ആത്മബന്ധമാണ് എനിക്കു ഹരിയേട്ടനുമായി ഉണ്ടായിരുന്നത്. ഏതു സംശയത്തിനും എൻസൈക്ലോപീഡിയയിൽ നിന്നെന്നപോലെ ശരിയുത്തരം അദ്ദേഹത്തിൽനിന്നു ലഭിക്കുമായിരുന്നു. 

വിവിധ ഭാഷകളിലായി അറുപതിലേറെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ പേരിൽ പുറത്തുവന്നിട്ടുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങൾ അറിയിക്കാനോ പ്രചരിപ്പിക്കാനോ അദ്ദേഹം വിമുഖനായിരുന്നു. രചയിതാവിന്റെ പേരു വയ്ക്കാതെ ഒട്ടേറെ പുസ്തകങ്ങൾ സംഘപ്രസ്ഥാനത്തിന്റെ പേരിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

പ്രോസ്റ്റേറ്റ്‌ കാൻസർ ബാധിച്ച്‌ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഹരിയേട്ടനെ ഏതാനും മാസം മുൻപു സന്ദർശിച്ചപ്പോൾ യാതൊരു അസ്വസ്ഥതയും പ്രകടമാകാത്ത വിധത്തിൽ അദ്ദേഹം സംസാരിച്ചത് എന്നെ അദ്ഭുതപ്പെടുത്തി. കഴിഞ്ഞമാസം ആദ്യവാരം തൃശൂർ മായന്നൂരിലെ ‘തണൽ’ ബാലാശ്രമത്തിൽ വിശ്രമിക്കുന്ന അദ്ദേഹത്തെ കാണാൻ പോയിരുന്നു. മരുന്നും ചികിത്സയും വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു അദ്ദേഹം.

ഗുരുതര കാൻസർ ബാധിച്ച രോഗി സാധാരണപോലെ പെരുമാറുന്നത് എന്നെ അതിശയിപ്പിച്ചു. അദ്ദേഹത്തിന്റെ സഹായിയോട്‌ അന്വേഷിച്ചപ്പോൾ വേദനയില്ലെന്നും മരുന്നുകൾ ഉപയോഗിക്കുന്നില്ലെന്നുമാണു പറഞ്ഞത്‌. ജീവിതരീതിയും യോഗാഭ്യാസവുമൊക്കെയാണ്‌ ഈ അസാധാരണ ശക്തിക്ക് ആധാരമെന്ന്‌ എനിക്കു തോന്നി.

സ്ഥിതപ്രജ്ഞനായ കർമയോഗിയെയാണ്‌ ഞാൻ അദ്ദേഹത്തിൽ കണ്ടത്‌. തനിക്ക്‌ രാഷ്ട്രം ഒന്നാമതും മറ്റെല്ലാം രണ്ടാമതുമെന്ന്‌ ഹരിയേട്ടൻ ജീവിതം കൊണ്ടു തെളിയിച്ചു. അദ്ദേഹത്തിന്റെ ദൃഷ്ടികൾക്കു ടെലിസ്‌കോപ്പിനെക്കാൾ ദൂരക്കാഴ്ചയും മനസ്സിനു സൂപ്പർസോണിക്‌ വേഗവും പ്രവർത്തനങ്ങൾക്കു മൈക്രോസ്‌കോപ്പിക്‌ കൃതൃതയുമുണ്ടായിരുന്നു. എല്ലാറ്റിനുമുപരി സർവസ്വവും സമർപ്പണബോധത്തോടെയുള്ള ‘രാഷ്ട്രായ സ്വാഹ, ഇദം ന മമ’ എന്ന പ്രാർഥനയിലധിഷ്ഠിതമായിരുന്നു ആ ജീവിതം. സർവസംഗപരിത്യാഗിയായ മഹാപുരുഷന്റെ ഓർമയ്ക്കു മുന്നിൽ അന്ത്യപ്രണാമം.

English Summary:

Remembering R Hari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com