വിദ്വേഷപ്രചാരണം:അനിൽ ആന്റണിക്ക് എതിരെ കേസ്

Mail This Article
കാസർകോട് ∙ സമൂഹമാധ്യമത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയിൽ ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി ഉൾപ്പെടെ 2 പേർക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. കാസർകോട് കുമ്പളയിൽ കോളജിനടുത്ത് ബസ് സ്റ്റോപ്പ് ആവശ്യപ്പെട്ട് വിദ്യാർഥിനികൾ സ്വകാര്യ ബസ് തടഞ്ഞ വിഡിയോ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് അനിൽ ആന്റണി, ആനന്ദി നായർ എന്ന എക്സ് (ട്വിറ്റർ) അക്കൗണ്ട് ഉടമ എന്നിവർക്കെതിരെ കേസ്. എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറി എം.ടി.സിദ്ധാർഥനാണ് പരാതി നൽകിയത്.
ബസ് തടഞ്ഞപ്പോൾ വിദ്യാർഥിനികളും ബസ് യാത്രക്കാരിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ വിഡിയോ, മുസ്‌ലിം മതാചാരപ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിന്റെ പേരിൽ കേരളത്തിൽ ബസിൽ ഹിന്ദു സ്ത്രീയെ അപമാനിക്കുന്നുവെന്നായിരുന്നു വ്യാജപ്രചാരണം.‘കോൺഗ്രസിനും സിപിഎമ്മിനും ആധിപത്യമുള്ള കേരളത്തിലെ മതേതരത്വം’ എന്ന പരാമർശം സഹിതമാണ് അനിൽ ഇത് പങ്കുവച്ചത്. വിമർശനം ഉയർന്നതോടെ അനിൽ ആന്റണി പോസ്റ്റ് നീക്കി.