ADVERTISEMENT

കോട്ടയം ∙ കഴിഞ്ഞ മാസം 13നു തിരുവനന്തപുരത്ത് ഒരു സന്നദ്ധ സംഘടനയുടെ യോഗത്തിൽ പ്രസംഗിക്കാൻ വേദിയിലേക്കു കയറുമ്പോഴാണ് നിഷ ജോസ് കെ.മാണിയുടെ മൊബൈൽ ഫോണിലേക്ക് ആ സന്ദേശം എത്തിയത്; കാൻസർ കണ്ടെത്തിയിരിക്കുന്നു. അടിപതറാവുന്ന സന്ദർഭത്തിലും പടി കയറി സ്റ്റേജിലെത്തി നിഷ ആത്മവിശ്വാസത്തോടെ പ്രസംഗിച്ചു. പരിപാടി കഴിഞ്ഞയുടൻ ഭർത്താവ് ജോസ് കെ.മാണി എംപിയെയും കുടുംബാംഗങ്ങളെയും തന്റെ രോഗവിവരം അറിയിച്ച് സന്ദേശമയച്ചു. 

തിരുവനന്തപുരത്തെ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്ന നിഷ ഒരു കാര്യം തീർത്തു പറയുന്നു: ‘എന്റെ ലക്ഷ്യങ്ങൾക്കും പദ്ധതികൾക്കുമൊന്നും മാറ്റം വരുത്താൻ കാൻസറിനു കഴിയില്ല. പിഎച്ച്ഡി ഗവേഷണം തുടരണം. ന്യൂഡൽഹിയിൽ ഉൾപ്പെടെ ചിത്രപ്രദർശനം സംഘടിപ്പിക്കാനുണ്ട്. നദീജലസംരക്ഷണം സംബന്ധിച്ച പരിപാടിക്കു രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ഇന്നലെ വീണ്ടും സന്ദേശം അയച്ചു.’

സ്തനാർബുദ ബാധയും ശസ്ത്രക്രിയയും സംബന്ധിച്ച് നിഷ തന്നെയാണു ഫെയ്സ്ബുക്കിൽ കഴിഞ്ഞദിവസം വിഡിയോ ഷെയർ ചെയ്തത്. കീമോതെറപ്പി ചെയ്യുന്ന കാൻസർ രോഗികൾക്കായി 2009 മുതൽ മുടി മുറിച്ചു നൽകുകയും ഇതിനായി ക്യാംപുകളും മറ്റും സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് നിഷ.  

‘സ്ത്രീകൾ, പ്രത്യേകിച്ച് 35 വയസ്സു കഴിഞ്ഞവർ വർഷത്തിലൊരിക്കലെങ്കിലും സ്തനാർബുദം ഉണ്ടോ എന്ന് അറിയാനുള്ള മാമോഗ്രാം പരിശോധന നടത്തണം. ആ  സന്ദേശം പ്രചരിപ്പിക്കാനാണു വിഡിയോ ചെയ്തത്. അടുത്ത ബന്ധമുള്ളവർക്കു കാൻസറുണ്ടെങ്കിൽ തീർച്ചയായും പരിശോധിക്കണം. എന്റെ 2 മുത്തശ്ശിമാർക്കും പിതാവിനും കാൻസറുണ്ടായിരുന്നു. 

ഞാൻ എല്ലാ വർഷവും പരിശോധന നടത്തുമായിരുന്നു. കഴിഞ്ഞ മാസമാദ്യം നടത്തിയ പരിശോധനയിലാണ് ഇതു കണ്ടെത്തിയത്. അതിനാൽ ആദ്യഘട്ടത്തിൽത്തന്നെ ചികിത്സിക്കാൻ കഴിഞ്ഞു’ - നിഷ പറഞ്ഞു. കുടുംബത്തിന്റെ ശക്തമായ പിന്തുണയും നല്ല ആത്മധൈര്യവുമാണു തന്റെ രണ്ടു വലിയ അനുഗ്രഹങ്ങളെന്നും വ്യക്തമാക്കി.

‘അധികം താമസിയാതെ കീമോ തുടങ്ങും. മുടി പൊഴിയുമെന്ന ഭയമോ ആശങ്കയോ തോന്നുന്നില്ല. രണ്ടു തവണ കാൻസർ രോഗികൾക്കായി തല മുണ്ഡനം ചെയ്തു മുടി നൽകിയിരുന്നല്ലോ. അവർക്കായി വിവിധ ക്യാംപുകളും മറ്റും നടത്തുന്നതിനാൽ ഇതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ ധാരണയും ലഭിച്ചിരുന്നു. ദൈവം എന്നെ ഒരു പടി കൂടി ഉയ‍ർത്തിയിരിക്കുന്നു. കാൻസറിനെ കീഴടക്കിയിട്ടേ ബാക്കി കാര്യമുള്ളൂ’ - ആത്മവിശ്വാസം സ്ഫുരിക്കുന്ന ചിരിയോടെ നിഷ പറഞ്ഞു.

English Summary:

No change, moving forward with confidence says Nisha Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com