ADVERTISEMENT

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖ പദ്ധതി നിർമാണത്തിന്റെ ഭാഗമായി വടക്കൻ തീരങ്ങളിൽ വലിയ തീരശോഷണം സംഭവിക്കുന്നുവെന്ന വാദം ശാസ്ത്രീയമായി അടിസ്ഥാനമില്ലാത്തതും യുക്തിരഹിതവുമാണെന്നു വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് എംഡി ദിവ്യ എസ്.അയ്യർ. വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് ‘മറക്കരുത് പാഠങ്ങൾ’ എന്ന പേരിൽ മലയാള മനോരമയിലെഴുതിയ ലേഖനത്തിനാണ് എംഡിയുടെ പ്രതികരണം. തുറമുഖ നിർമാണം സമീപപ്രദേശങ്ങളിൽ തീരശോഷണത്തിനു കാരണമാകുമോയെന്ന് പഠിക്കുകയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റി വിശദമായി പരിശോധിക്കുകയും ചെയ്തതാണ്. 

അങ്ങനെ സംഭവിക്കില്ലെന്നു പഠനങ്ങളിൽ തെളിഞ്ഞതാണ്. പരിസ്ഥിതി അനുമതി ലഭിച്ചശേഷമാണു നിർമാണം തുടങ്ങിയത്. ഇതിനെതിരെയുള്ള വാദങ്ങൾ ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) തള്ളി. എൻജിടി നിർദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതി ഓരോ 6 മാസവും പഠനം നടത്തി റിപ്പോർട്ട് നൽകുന്നുണ്ട്. തീരശോഷണം തുറമുഖനിർമാണം കാരണമാണെന്ന് അവർ ഇതുവരെ കണ്ടെത്തിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ആരെയും കുടിയിറക്കിയിട്ടില്ല.

ഉടമകൾ സ്വമേധയാ കൈമാറിയ ഭൂമി ഒഴികെ ഒരു മത്സ്യത്തൊഴിലാളിയുടെയും വാസസ്ഥലം ഏറ്റെടുത്തിട്ടില്ല. പദ്ധതിമേഖലയിലെ തൊഴിലാളികൾക്കായി ഇതുവരെ 100 കോടിയോളം രൂപ നഷ്ടപരിഹാരമായി നൽകി. തൊഴിൽ നൈപുണ്യത്തിനു സ്കിൽ പാർക്ക്, സൗജന്യ വാട്ടർ കണക‍്‍ഷൻ തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങളും നടപ്പാക്കി. പദ്ധതി യാഥാർഥ്യമാകുന്നതു സംസ്ഥാനത്തിനു വലിയ നേട്ടമാകും. ഷിപ്പിങ് അനുബന്ധ വ്യവസായങ്ങളുടെ വരവ്, വ്യവസായ–ടൂറിസം–ഗതാഗത മേഖലകളിലുണ്ടാകുന്ന മാറ്റം, അടിസ്ഥാന സൗകര്യ വികസനം, തൊഴിലവസരങ്ങൾ എന്നിവ നാടിനു ഗുണം ചെയ്യും. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക നിലവാരത്തിലും വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും ദിവ്യ പറഞ്ഞു.

English Summary:

Vizhinjam: MD said the coast erosion argument is irrational

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com