ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Mail This Article
വൈപ്പിൻ (കൊച്ചി)∙ കടലിൽ ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ മുനമ്പം ഭാഗത്ത് 28 നോട്ടിക്കൽ മൈൽ പടിഞ്ഞാറായിരുന്നു അപകടം. കൊല്ലം പോർട്ട് പള്ളിത്തോട്ടം അനുഗ്രഹ നഗർ ഹൗസ് നമ്പർ 177ൽ ജോസ് ആന്റണി (60) ആണ് മരിച്ചത്. കടലിൽ നങ്കൂരമിട്ടു കിടന്നിരുന്ന ഫൈബർ ചൂണ്ടബോട്ടിൽ അതു വഴി വന്ന ഫിഷിങ് ബോട്ട് ഇടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തിൽ ചൂണ്ട ബോട്ടിലെ 8 തൊഴിലാളികളിൽ കടലിലേക്കു തെറിച്ചു വീണു. ഇവരിൽ ഒരാളാണ് മരിച്ചത്. മറ്റുള്ളവരെ ഇടിച്ച ബോട്ടിലെ തൊഴിലാളികൾ രക്ഷിച്ചു. തോപ്പുംപടി ഹാർബറിൽ നിന്ന് ശനിയാഴ്ച രാവിലെ മത്സ്യബന്ധനത്തിനു പോയ മാർത്താണ്ഡം പത്തംതുറ സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള ‘സിൽവർ സ്റ്റാർ’എന്ന ബോട്ടാണ് അപകടത്തിൽ തകർന്നത്.
എടവനക്കാട് സ്വദേശി തലക്കാട്ട് അർഷദിന്റെ ഉടമസ്ഥതയിലുള്ള ‘നൗറിൻ’ എന്ന ബോട്ടാണ് ഇടിച്ചത്. ഇടിയേറ്റ് ചൂണ്ട ബോട്ട് ഏതാണ്ട് പൂർണമായി തകർന്നു. കടലിൽ വീണവരെ കയർ എറിഞ്ഞു കൊടുത്താണ് രക്ഷപ്പെടുത്തിയത്.
മുങ്ങിപ്പോയ ജോസിനെ വൈകാതെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു. രക്ഷപ്പെട്ടവരെ ഞായറാഴ്ച പുലർച്ചെ 4.30ന് മുനമ്പം ഹാർബറിലെത്തിച്ചു. ജോസിന്റെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പിന്നീട് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം: നാളെ രാവിലെ 11ന് തോപ്പ് സെന്റ് സ്റ്റീഫൻസ് പള്ളിയിൽ. ഭാര്യ: ഷേർലി. മക്കൾ: ജോബിൻ, സിനി. മരുമക്കൾ:റിൻസ്, പ്രവീൺ.
അപകടമുണ്ടാക്കിയ ബോട്ടിലെ സ്രാങ്കിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.