ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടു ഡൽഹി കേരളഭവനിൽ എക്സ്പോർട്ട് പ്രമോഷൻ ഡെസ്ക്കും മെട്രോ നഗരങ്ങളിൽ ട്രേഡ് സെന്ററുകളും സ്ഥാപിക്കുമെന്നു വ്യവസായ വകുപ്പിന്റെ കരട് കയറ്റുമതി നയം. ജില്ലയിലും സംസ്ഥാനത്തും കയറ്റുമതി പ്രോത്സാഹന കമ്മിറ്റികൾ രൂപീകരിക്കും. കയറ്റുമതിക്കു പ്രോത്സാഹനം നൽകാൻ പ്രത്യേക കയറ്റുമതി വികസന നിധി രൂപീകരിക്കുമെന്നും മികച്ച കയറ്റുമതിക്കാർക്ക് പരിശോധനയും അനുമതിയും എളുപ്പമാക്കാൻ സർക്കാരിന്റെ ‘എക്സ്പോർട്ട് കാർഡ്’ നൽകുമെന്നും നയത്തിലുണ്ട്. പൊതു അഭിപ്രായം രൂപീകരിക്കാനായി നൽകിയ കരട് ആവശ്യമായ കൂട്ടിച്ചേർക്കലുകൾക്കു ശേഷം ജനുവരിയിൽ അന്തിമമാക്കും. അടുത്ത സാമ്പത്തികവർഷം മുതലാണു  നിലവിൽ വരിക. 

കയറ്റുമതി ഉദ്ദേശ്യത്തോടെ യന്ത്രങ്ങൾ വാങ്ങുകയോ സ്ഥാപിക്കുകയോ ചെയ്യുമ്പോൾ രണ്ടുകോടി രൂപ വരെ ഇൻസെന്റീവ് നൽകും. സംഭരണ സൗകര്യമൊരുക്കുന്നതിന് 50 ലക്ഷം രൂപ വരെയും വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ 3 വർഷത്തേക്ക് ഒരു കോടി രൂപ വരെയും ഇൻസെന്റീവ് നൽകും. ട്രേഡ് ഫെയറുകളിൽ പങ്കെടുത്താൽ വർഷം 2 ലക്ഷം രൂപ വരെ റീഇംബേഴ്സ് ചെയ്യാം. കയറ്റുമതി ആവശ്യത്തിന് 25 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കു 4 ശതമാനം പലിശ സബ്സിഡി നൽകും. കയറ്റുമതിയിൽ രാജ്യത്തു പതിനാറാം സ്ഥാനത്തുള്ള കേരളം 2022–23ൽ 35,117 കോടിയുടെ ചരക്കാണു കയറ്റുമതി നടത്തിയത്. ഇനിയും ഉപയോഗിക്കാത്ത 55,000 കോടി രൂപയുടെ മൂല്യമുള്ള കയറ്റുമതി ശേഷി കേരളത്തിനുണ്ടെന്ന് അടുത്തിടെ ചില പഠനങ്ങളിൽ കണ്ടെത്തിയതായും കരട് നയത്തിൽ സൂചിപ്പിക്കുന്നു.

English Summary:

Draft export policy ready

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com