ADVERTISEMENT

കോഴിക്കോട് ∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവന അനവസരത്തിലുള്ള വിവാദത്തിനു വഴി തുറന്നെന്നു ലീഗ് നേതൃയോഗത്തിൽ വിലയിരുത്തൽ. ഇക്കാര്യത്തിൽ ഇ.ടി.യുടെ ഭാഗത്തു നിന്നു കുറേക്കൂടി ജാഗ്രത ഉണ്ടാകേണ്ടിയിരുന്നു. എന്നാൽ, പലസ്തീൻ വിഷയത്തിൽ കൂടുതൽ പേരുടെ പിന്തുണ ഉറപ്പാക്കണമെന്നു മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും മുന്നണി മാറ്റം എന്ന തലത്തിലേക്ക് വിവാദം എത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇ.ടി. യോഗത്തിൽ വിശദീകരിച്ചു. അത്തരത്തിൽ ചർച്ച പോയ സാഹചര്യത്തിൽ താൻ പറഞ്ഞു എന്നതുകൊണ്ടു മാത്രം പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്നും ഇ.ടി. നിലപാട് എടുത്തു. ഇതോടെ ക്ഷണം തള്ളാമെന്നു നേതാക്കൾ ഒറ്റക്കെട്ടായി തീരുമാനിച്ചു. പാർട്ടി അധ്യക്ഷനായ പാണക്കാട് സാദിഖലി തങ്ങൾ യോഗത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ  ബന്ധപ്പെട്ട് കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് അന്തിമ തീരുമാനം നേതാക്കൾ മാധ്യമങ്ങളോടു വ്യക്തമാക്കിയത്. 

സർവകക്ഷി യോഗം വിളിക്കണം: ലീഗ്

കോഴിക്കോട് ∙ പലസ്തീനു വേണ്ടി ലോകരാജ്യങ്ങൾ ഇടപെടണമെന്നാവശ്യപ്പെട്ടു സർവകക്ഷി യോഗം വിളിക്കുന്നതു സർക്കാർ ആലോചിക്കണമെന്നു മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു.

∙ സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യസദസ്സിൽ പങ്കെടുക്കില്ലെന്ന മുസ്‌ലിം ലീഗ് നിലപാട് യുഡിഎഫിന്റെ ശക്തി തെളിയിക്കുന്നതാണ്. സിപിഎം ലീഗിന്റെ പിന്നാലെ നടക്കുകയാണ്. മുന്നണിക്കു ഹാനികരമായ ഒന്നും ലീഗ് ചെയ്യില്ല. കോൺഗ്രസ്–ലീഗ് ബന്ധം ജ്യേഷ്ഠാനുജ ബന്ധമാണ്. പലസ്തീൻ വിഷയത്തെ തരികിട രാഷ്ട്രീയത്തിനു സിപിഎം ഉപയോഗിക്കുകയാണ്. എന്തുകൊണ്ടു പങ്കെടുക്കുന്നില്ലെന്നു പി.കെ.കുഞ്ഞാലിക്കുട്ടി വളരെ ഭംഗിയായി പറഞ്ഞു. ഇതോടെ എല്ലാം അവസാനിച്ചു. ഇനി അതിനു പിന്നാലെ ആരും നടക്കേണ്ട. - വി.‍ഡി.സതീശൻ, പ്രതിപക്ഷ നേതാവ്

∙ യുഡിഎഫിന്റെ നട്ടെല്ലാണു മുസ്‍ലിം ലീഗ്. അവർ മുന്നണി വിട്ടുപോകില്ലെന്നുറപ്പുണ്ട്. - കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്

∙ പലസ്തീൻ റാലിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഈ വിഷയത്തിൽ എല്ലാവരെയും അണിനിരത്തുക എന്ന വിശാലമായ കാഴ്ചപ്പാടാണ് സിപിഎമ്മിനുള്ളത്.- ഇ.പി.ജയരാജൻ, ഇടതു മുന്നണി കൺവീനർ

∙ കോൺഗ്രസ് എതിർക്കുമ്പോൾ ലീഗിന് റാലിയിൽ പങ്കെടുക്കാനാകില്ല. അവരുടെ നിലപാട് വകതിരിവോടെ ഉൾക്കൊള്ളുന്നു. - പി.മോഹനൻ, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി

English Summary:

ET Muhammad Basheer's statement: Controversy in the off chance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com