സിബിഐയുടെയും കസ്റ്റംസിന്റെയും പേരിൽ ഓൺലൈൻ തട്ടിപ്പ് ;3 കോടി പോയി
Mail This Article
തിരുവനന്തപുരം∙ മുംബൈയിലെ കസ്റ്റംസിന്റെയും സിബിഐയുടെയും പേരിൽ വ്യാജ എഫ്ഐആർ രേഖകൾ കാണിച്ചു തിരുവനന്തപുരത്തും തളിപ്പറമ്പിലും 2 പേരിൽനിന്ന് 2.85 കോടി രൂപ തട്ടിയെടുത്തു. പണം നഷ്ടമായ രണ്ടുപേരും തിരുവനന്തപുരം സ്വദേശികളാണ്. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ എഴുപതുകാരന്റെ 2.25 കോടിയും തളിപ്പറമ്പിൽ ചികിത്സയ്ക്കായി താമസിച്ചിരുന്ന വ്യാപാരിയുടെ 60 ലക്ഷവുമാണ് ഓൺലൈൻ വഴി തട്ടിയത്. ചാർട്ടേഡ് അക്കൗണ്ടന്റിൽനിന്നു തട്ടിയെടുത്ത 25 ലക്ഷം രൂപയുള്ള ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുംബൈ കസ്റ്റംസിൽനിന്ന് എന്ന പേരിൽ ചാർട്ടേഡ് അക്കൗണ്ടന്റിനെ ഫോണിൽ വിളിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. അദ്ദേഹത്തിന്റെ ആധാർ കാർഡും രേഖകളും ഉപയോഗിച്ചു വിദേശത്തക്കയച്ച പാഴ്സലിൽ 5 വ്യാജ പാസ്പോർട്ടുകളും 75 ഗ്രാം എംഡിഎംഎയും കണ്ടെത്തിയെന്നും മുംബൈ കസ്റ്റംസ് ഓഫിസിൽ ഉടൻ ഹാജരാകണമെന്നും നിർദേശിച്ചു. ഇതിനെക്കുറിച്ച് അറിയില്ലെന്നു പറയുമ്പോഴേക്കും കോൾ സ്കൈപ് ആപ്പിലൂടെ വിഡിയോ കോൾ ആക്കി മാറ്റി. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്നു സ്വയം പരിചയപ്പെടുത്തിയയാൾ ആണു പിന്നീടു സംസാരിച്ചത്.
കേസ് സിബിഐക്കു കൈമാറിയെന്നു പറഞ്ഞ അയാൾ സിബിഐ ഉദ്യോഗസ്ഥന്റെ ഐഡിയും എഫ്ഐആർ പകർപ്പും അയച്ചുകൊടുത്തു. കേസിൽനിന്നു രക്ഷപ്പെടാൻ കള്ളപ്പണ ഇടപാടുകളോ അനധികൃത സ്വത്തോ ഇല്ലെന്നു തെളിയിക്കണമെന്നും ഇതിനായി ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറണമെന്നും ആവശ്യപ്പെട്ടു. ഇവ അയച്ചുകൊടുത്തതോടെ അക്കൗണ്ടിലുള്ള പണത്തിന്റെ 75% സർക്കാർ അക്കൗണ്ടുകളിലേക്കു മാറ്റാനും പണം റിസർവ് ബാങ്ക് വഴി പരിശോധിച്ച ശേഷം മടക്കി നൽകാമെന്നും അറിയിച്ചു. ഇതിനായി 6 അക്കൗണ്ടുകളും നൽകി. ആദ്യ ഗഡു തുക കൈമാറിയപ്പോൾ പണം ലഭിച്ചതായി കാണിച്ചു ധനവകുപ്പിന്റെ പേരിലുള്ള വ്യാജരേഖ അയച്ചു നൽകി. തുടർന്നു ധനവകുപ്പ് ഉദ്യോഗസ്ഥൻ എന്ന പേരിൽ മറ്റൊരാളായി സംസാരം.
ഗുരുതര കേസ് ആണെന്നും ഉടനെ ബാക്കി പണം കൂടി അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ 2 ദിവസം കൊണ്ട് 2.25 കോടി കൈമാറി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ഇദ്ദേഹം പൊലീസിനെ സമീപിക്കുകയായിരുന്നു. ഇദ്ദേഹം പണം നൽകിയ 6 അക്കൗണ്ടുകളിൽനിന്ന് രാജ്യത്തെ പലഭാഗത്തുള്ള 36 അക്കൗണ്ടുകളിലേക്ക് ഉടൻ തന്നെ മാറ്റിയതായി കണ്ടെത്തി. 2 കോടിയോളം രൂപ പിൻവലിച്ചു.
വ്യാപാരിയിൽനിന്നു പണം തട്ടിയതും ഇതേ രീതിയിലാണ്. വ്യാപാരിക്കെതിരെ ഇന്ത്യൻ സീക്രട്ട് ആക്ട് പ്രകാരമുള്ള കേസെടുത്തെന്നു കാണിച്ച് സിബിഐയുടെ വ്യാജ അറസ്റ്റ് വാറന്റും അയച്ചുകൊടുത്തു. 4 ദിവസം കൊണ്ടാണ് 60 ലക്ഷത്തോളം തട്ടിച്ചത്. രണ്ടു കേസും തിരുവനന്തപുരം ഡിസിപി പി.നിഥിൻ രാജിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കും.
സൈബർ തട്ടിപ്പ്: ഇരയായാൽ വിളിക്കുക 1930
കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ (ഐ4സി) എന്ന ഓപ്പറേഷൻ വിഭാഗത്തിന്റെ നമ്പറാണ് 1930. ഇതിനായി എല്ലാ സംസ്ഥാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ഇൗ നമ്പറിലേക്കു വിളിച്ചാൽ സൈബർ തട്ടിപ്പിലൂടെ നഷ്ടമായ പണം തടഞ്ഞുവയ്ക്കുകയും പിന്നീടുള്ള കൈമാറ്റം മരവിപ്പിക്കുകയും ചെയ്യും.