ADVERTISEMENT

കോഴിക്കോട് ∙ ഉയർന്ന പെൻഷൻ കണക്കാക്കുന്നതിലും ആനുപാതിക വ്യവസ്ഥ (പ്രോറേറ്റ) ബാധകമാക്കാനുള്ള നീക്കവുമായി ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ). ഈ തീരുമാനം നടപ്പാക്കിയാൽ ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവരിൽ ഭൂരിഭാഗത്തിനും പെൻഷനിൽ മൂന്നിലൊന്നു വരെ കുറവു വന്നേക്കാം. 2014 സെപ്റ്റംബർ ഒന്നിനു ശേഷം വിരമിച്ചവരും വിരമിക്കാനിരിക്കുന്നവരുമായ 13 ലക്ഷത്തിലേറെ വരിക്കാരെ ഇതു ബാധിക്കും.

വിരമിച്ചതിനു തൊട്ടുമുൻപുള്ള 60 മാസത്തെ ശമ്പളശരാശരി വച്ച് പെൻഷൻ കണക്കാക്കുന്നതിനു പകരം ഈ വിഭാഗക്കാരുടെ പെൻഷൻ 2014 സെപ്റ്റംബറിനു മുൻപുള്ളത് വേറെയും അതിനു ശേഷമുള്ള സർവീസിനു വേറെയുമായി കണക്കുകൂട്ടും എന്നതാണ് പ്രോറേറ്റ വ്യവസ്ഥയിൽ സംഭവിക്കുന്നത്. ഇതോടെ, വിരമിക്കുന്ന സമയത്തുള്ള ഉയർന്ന ശമ്പളത്തിന് ആനുപാതികമായി മുഴുവൻ പെൻഷനും കിട്ടാത്ത സ്ഥിതി വരും. നിലവിൽ പിഎഫ് പെൻഷൻ കണക്കുകൂട്ടുന്നത് പ്രോറേറ്റ പ്രകാരമാണ്. ഇതുമൂലമാണ് പെൻഷൻ കുറയുന്നത്.

ഉയർന്ന പെൻഷൻ അനുവദിക്കാൻ കഴിഞ്ഞ വർഷം നവംബർ 4ന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കുന്നതിനുള്ള നടപടികൾ വിശദീകരിച്ചുകൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗത്തിന് ഇപിഎഫ്ഒ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ കണക്കാക്കാൻ ഇപിഎഫ് പെൻഷൻ പദ്ധതിയിൽ (ഇപിഎസ് 95) പ്രത്യേക ഫോർമുലയില്ല എന്നാണ് അധികൃതരുടെ ന്യായം. അതുകൊണ്ട് നിലവിൽ ഇപിഎഫ്ഒ നിശ്ചയിച്ച ശമ്പളപരിധിക്കു മാത്രമുള്ള വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കുന്നവരുടെ പെൻഷൻ കണക്കാക്കുന്ന അതേ രീതി തന്നെ ഉയർന്ന പെൻഷൻ കണക്കാക്കുന്നതിനും തുടരുമെന്നു പറയുന്നു.

ഉയർന്ന പെൻഷൻ കണക്കാക്കുന്നതു സംബന്ധിച്ച് ജൂൺ ഒന്നിന് ഇപിഎഫ്ഒ ഇറക്കിയ സർക്കുലറിൽ ഇക്കാര്യം പറഞ്ഞിരുന്നില്ല. 2014 സെപ്റ്റംബർ ഒന്നിനു മുൻപു വിരമിച്ചവരുടെ പെൻഷൻ 12 മാസ ശമ്പളശരാശരി പ്രകാരവും അതിനു ശേഷം വിരമിച്ചരുടേത് 60 മാസ ശരാശരി പ്രകാരവും കണക്കാക്കുമെന്നു മാത്രമായിരുന്നു ഇതിൽ വ്യക്തമാക്കിയത്.

ഒരു ജീവനക്കാരന്റെ പെൻഷൻ കണക്കാക്കിയതു സംബന്ധിച്ചു വിശദീകരണം ചോദിച്ചുകൊണ്ട് എയർപോർട്ട് അതോറിറ്റിയിൽനിന്ന് അയച്ച കത്തിന് സേലത്തെ ഇപിഎഫ്ഒ റീജനൽ ഓഫിസ് നൽകിയ മറുപടിയിലും പ്രോറേറ്റ വ്യവസ്ഥ പ്രകാരം കണക്കുകൂട്ടിയതായാണു വിശദീകരിച്ചിരിക്കുന്നത്.

എന്താണ് പ്രോറേറ്റ വ്യവസ്ഥ

ഇപിഎസ് പദ്ധതി തുടങ്ങിയ 1995 നവംബർ മുതൽ 2014 ഓഗസ്റ്റ് വരെ പരമാവധി 6,500 രൂപ ശമ്പളത്തിലും 2014 സെപ്റ്റംബറിനു ശേഷം മാത്രം പരമാവധി 15,000 രൂപ ശമ്പളത്തിലും പെൻഷൻ പ്രത്യേകമായി കണക്കാക്കണമെന്നതാണ് പ്രോറേറ്റ വ്യവസ്ഥ. 2014 ഓഗസ്റ്റ് 31 വരെ പരമാവധി 6,500 രൂപ വരെയുള്ള ശമ്പളത്തിന്റെ വിഹിതമേ പെൻഷൻ ഫണ്ടിലേക്ക് അടച്ചിട്ടുള്ളൂ എന്നതാണ് ഇപിഎഫ്ഒ ഇതിനു കാണുന്ന ന്യായം.

എന്നാൽ, ഉയർന്ന പെൻഷൻ പദ്ധതിയിലേക്ക് ഓപ്ഷൻ നൽകിയവർ പദ്ധതി തുടങ്ങിയ നാൾ മുതൽ പൂർണശമ്പളത്തിന്റെ 8.33% വിഹിതം പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കണം. ഇതിന് 2014 സെപ്റ്റംബറിനു മുൻപും അതിനുശേഷവും എന്ന വേർതിരിവില്ലാത്തതിനാൽ ഉയർന്ന പെൻഷൻ ആനുപാതികാടിസ്ഥാനത്തിൽ രണ്ടായി കണക്കാക്കുന്നതു യുക്തിക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

English Summary:

Higher PF pension will decrease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com