ADVERTISEMENT

കൊച്ചി ∙ സ്ക്രീനിലെ ചെറുവേഷങ്ങളിലൂടെ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച നടൻ കലാഭവൻ ഹനീഫ് (64) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കരുവേലിപ്പടി ആർ.കെ.പിള്ള റോഡ് മണപ്പുറത്ത് പരേതരായ ഹംസ–സുബൈദ ദമ്പതികളുടെ മകനാണ്. കബറടക്കം ഇന്ന് 11ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബർസ്ഥാനിൽ.

പൊതുദർശനം രാവിലെ 9 മുതൽ 10.30 വരെ കപ്പലണ്ടിമുക്ക് ഷാദി മഹലിൽ. മോണോ ആക്ട് വേദിയിൽ നിന്ന് അയൽവാസിയും നടനുമായ സൈനുദീനാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. അവിടെ ഹരിശ്രീ അശോകനോടൊപ്പം പരിപാടി അവതരിപ്പിച്ച് ശ്രദ്ധേയനായി. ‘ചെപ്പുകിലുക്കണ ചങ്ങാതി’യാണ് ആദ്യ ചിത്രം.  നൂറ്റൻപതിലേറെ സിനിമകളിൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചു. മിക്ക സിനിമകളിലും ഒന്നോ രണ്ടോ സീനുകളിൽ മിന്നിമറഞ്ഞെങ്കിലും തന്റെ റോൾ ഭംഗിയാക്കി ഹനീഫ് എന്നും കയ്യടി നേടി.

ദിലീപ് നായകനായ ‘ഈ പറക്കുംതളിക’യിൽ മേക്കപ്പിടുന്ന കല്യാണച്ചെറുക്കന്റെ വേഷം തിയറ്ററുകളെ ഇളക്കി. പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, ഛോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഹനീഫിന് കാണികളുടെ മനസ്സിൽ ഇടം നേടിക്കൊടുത്തു. 30 ടിവി സീരിയലുകളിലും അഭിനയിച്ചു. ഭാര്യ: വാഹിദ. മക്കൾ: ഷാരൂഖ്, സിത്താര. മരുമക്കൾ: ഇസ്മായിൽ, ഇർഫാന. മമ്മൂട്ടി വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.

English Summary:

Actor-mimicry artist Kalabhavan Haneef passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com