ADVERTISEMENT

തിരുവനന്തപുരം ∙ റദ്ദാക്കിയ 4 വൈദ്യുതി വാങ്ങൽ കരാറുകൾ പുനഃസ്ഥാപിക്കുന്നതിലും വൈദ്യുതി ഗാർഹിക ഉപയോക്താക്കൾക്കു സബ്സി‍ഡി അനുവദിക്കുന്നതിലും നടപടികൾ ഇഴയുന്നു. നിരക്ക് വർധിപ്പിക്കാൻ ബോർഡും റഗുലേറ്ററി കമ്മിഷനും കാട്ടിയ ഉത്സാഹം ഈ രണ്ടു വിഷയങ്ങളും പരിഹരിക്കുന്നതിൽ കാണുന്നില്ല. സബ്സിഡി കഴിഞ്ഞ മന്ത്രിസഭ ചർച്ച ചെയ്തതു പോലുമില്ല. 

ഉപയോക്താക്കളിൽനിന്നു ബോർഡ് പിരിക്കുന്ന തീരുവയിൽനിന്നാണ് ഇതുവരെ സബ്സിഡി നൽകിയിരുന്നത്. തീരുവ പൂർണമായും ഖജനാവിലേക്കു മാറ്റാൻ സർക്കാർ തീരുമാനിച്ചതോടെ സബ്സിഡി വിതരണം പ്രതിസന്ധിയിലായി. സബ്സിഡി തുടരുമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി പ്രഖ്യാപിച്ചെങ്കിലും ഇതിനു വഴിതേടിയുള്ള കുറിപ്പു ധനവകുപ്പിലെത്തിയിട്ടേയുള്ളു. സംസ്ഥാനത്തെ 77 ലക്ഷം ഉപയോക്താക്കളുടെ സബ്സിഡി മുടങ്ങാതിരിക്കാൻ നടപടിയെടുക്കേണ്ടതു ധനവകുപ്പാണ്. സംസ്ഥാനത്തിനു പുറത്തുനിന്ന് കുറഞ്ഞ വിലയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്ന 4 കരാറുകൾ റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയിരുന്നു. 

ഇതു പുനഃസ്ഥാപിക്കാൻ കമ്മിഷനോടു സർക്കാർ ആവശ്യപ്പെട്ടെങ്കിലും അപ്‍ലറ്റ് ട്രൈബ്യൂണലിൽ കേസ് ഉള്ളതിനാൽ നിയമ തടസ്സമുണ്ടായിരുന്നു. റഗുലേറ്ററി കമ്മിഷനു തീരുമാനമെടുക്കാമെന്ന് ട്രൈബ്യൂണൽ വിധിച്ചതോടെ കരാർ പുനഃസ്ഥാപിക്കാനുള്ള തടസ്സം നീങ്ങി. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് പെറ്റീഷൻ ഫയൽ ചെയ്യണം. പക്ഷേ നടപടികളായിട്ടില്ല. ബോർഡിലെ മാത്രമല്ല, റഗുലേറ്ററി കമ്മിഷനിലെ നടപടികളും ഇഴഞ്ഞാണു നീങ്ങുന്നത്.

വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദാക്കിയതു വഴി ബോർഡിനു ദിവസം 3 കോടി രൂപയുടെ അധികബാധ്യതയുണ്ടായി. കരാർ അനുസരിച്ച് യൂണിറ്റിനു 4.26 രൂപയ്ക്കു ലഭിച്ചിരുന്ന വൈദ്യുതി വേണ്ടെന്നുവച്ച് പകരം 6.50  മുതൽ 8 രൂപ വരെ നൽകേണ്ടി വന്നു. കരാർ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഈ അധികബാധ്യത സ്ഥിരമായി ഉപയോക്താക്കളുടെ മേൽ വരും.

English Summary:

Electricity: Eager to hike rates, slow on subsidies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com