ADVERTISEMENT

എന്റെ ഉള്ളിലിപ്പോൾ തീയാണ്. കുട്ടനാട്ടിൽ പ്രസാദെന്ന കർഷകന് ആത്മഹത്യ ചെയ്യേണ്ടി വന്നിരിക്കുന്നു. കർഷകന് എവിടെയും വിലയില്ല. കൃഷിക്കാരന് ഒരിക്കലും നെല്ലിനു വിലകിട്ടില്ല. ഒരു കാലത്തും കിട്ടില്ല. കർഷകനെ ചവുട്ടിയരച്ചു മെതിച്ചു പോവുകയാണ്. ആരു ഭരിച്ചാലും ഇതൊക്കെയാണു സ്ഥിതി. ബിജെപിയുടെ കേന്ദ്രഭരണ കാലത്താണ് മാസങ്ങൾ നീണ്ടു നിന്ന കർഷക സമരം ഡൽഹിയിൽ നടന്നത്. ഇവിടെ മാർക്സിസ്റ്റ് പാ‍ർട്ടി ഭരിക്കുന്നു. കർഷകന്റെ കാര്യത്തിൽ ഇവിടെയും ഒരു വ്യത്യാസവുമില്ല. കോൺഗ്രസിനും ഇതൊന്നും കഴി‍ഞ്ഞിട്ടില്ല. 

ആരു ഭരിച്ചാലും ‘കോരനു കുമ്പിളിലാണു കഞ്ഞി’. നമ്മുടെ മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പറയുന്നതു കേട്ടു: കേരളത്തിലെ കർഷകർ കൃഷി ചെയ്തില്ലെങ്കിലും ഒന്നുമില്ല, തമിഴ്നാട്ടിൽ നിന്ന് അരി വരുമെന്നാണ്. ഇതാണ് പൊതുവായ മനോഭാവം.  

നമ്മൾ കർഷകരെ എവിടെയെങ്കിലും ബഹുമാനിച്ചിട്ടുണ്ടോ? വ്യവസായികളെ ബഹുമാനിക്കും. സിനിമാതാരങ്ങളെ ബഹുമാനിക്കും. കർഷകരെ തിരിഞ്ഞു നോക്കില്ല. നീചമായി ചവുട്ടിയരയ്ക്കും. അവന്റെ അധ്വാനത്തിനോ വിയർപ്പിനോ വില കൽപിക്കുന്നതേയില്ല. അവൻ നട്ടുനനച്ചുണ്ടാക്കുന്ന സാധനങ്ങൾക്കും വില കിട്ടുന്നില്ല. എന്റെ അറിവിലും പരിചയത്തിലും കർഷകരെ കുറച്ചെങ്കിലും ബഹുമാനിക്കുന്ന സ്ഥലം കർണാടകയും രാജസ്ഥാനുമാണ്. വളരെ ദയനീയമാണിവിടെ കാര്യങ്ങൾ. കർഷകൻ വളരെ നിസ്സാരൻ എന്ന രീതിയിലാണു പെരുമാറ്റം. നമുക്ക് അന്നം തരുന്നവനോടു സമുഹവും ഭരണകൂടങ്ങളും നീതി ചെയ്യുന്നില്ല. 

കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യ എന്റെയുള്ളിൽ ചൂടു പടർത്തുന്നതും കർഷകനെ മറന്നുകൊണ്ടുള്ള സമൂഹത്തിൽ ജീവിക്കേണ്ടി വന്നതുകൊണ്ടാണ്. ഇനി അന്തിച്ചർച്ചയിൽ ഓരോരുത്തർ വന്ന് ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ബോധപൂർവം വിവാദമാക്കുകയാണ് എന്നെല്ലാം പറയും. ഈ മരണം കൊണ്ടെങ്കിലും നമ്മുടെ കണ്ണു തുറന്നാൽ നല്ലത്.

English Summary:

T Padmanabhan writeup on the basis of thakazhi farmer death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com