ഇടപെടാതെ ഒരുവിഭാഗം ജീവനക്കാർ; കൊടി സുനിയുടെ ജയിൽ കലാപം ‘നാടകം’, തെളിവായി ദൃശ്യങ്ങൾ
Mail This Article
തൃശൂർ ∙ വിയ്യൂർ അതിസുരക്ഷാ ജയിലിൽ കൊടി സുനി നയിച്ച കലാപം നാടകമെന്നു തെളിയിക്കുന്ന നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ. ഇരുപത്തഞ്ചോളം തടവുകാർ ജയിലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഗാർഡ് റൂം തകർക്കുകയും 3 ജീവനക്കാരെ ആക്രമിക്കുകയും ചെയ്തിട്ടും ജീവനക്കാരിൽ ഒരുവിഭാഗം ഇടപെടാതെ മാറിനിൽക്കുന്നതു സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.
കഴിഞ്ഞ 8 മാസമായി ഒരുവട്ടം പോലും ഞായറാഴ്ചകളിൽ ഡ്യൂട്ടി നോക്കിയിട്ടില്ലാത്ത ചില ഉദ്യോഗസ്ഥർ കഴിഞ്ഞ ഞായറാഴ്ച കലാപം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തടവുകാർ ഗാർഡ് റൂം അടിച്ചുപൊളിച്ചതിനു ശേഷമാണ് ഇവർ ഡിഐജി ഓഫിസിൽ വിവരമറിയിച്ചത്. കൊടി സുനിയെ ജയിൽമാറ്റാനുള്ള സകല മാർഗവും അടഞ്ഞതോടെ ആസൂത്രിതമായി നടത്തിയ നാടകമാണിതെന്ന ആരോപണമുയർന്നിട്ടും ജയിൽ വകുപ്പ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
∙ തടവുകാർ തമ്മിൽ ആശയവിനിമയം നടത്താനോ പരസ്പരം കാണാനോ അവസരം ഇല്ലാത്ത അതിസുരക്ഷാ ജയിലിൽ 25 കൊടുംകുറ്റവാളികൾക്കു സംഘം ചേർന്ന് ഒരേ സമയം സെല്ലിൽനിന്നു പുറത്തിറങ്ങാൻ കഴിഞ്ഞതു ദുരൂഹം. ഇവർ ഇന്നർഗേറ്റ് പിടിച്ചെടുത്ത് അരമണിക്കൂറിനു ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നു കൂടുതൽ ജീവനക്കാർ എത്തുന്നതുവരെ പൂർണ അരാജകത്വത്തിന് അവസരം. സെൻട്രൽ ജയിൽ ജീവനക്കാരെത്തേണ്ട താമസം, സ്വിച്ചിട്ടതു പോലെ തടവുകാർ ശാന്തരായി.
∙ കൊടി സുനിയും കെവിൻ വധക്കേസ് കുറ്റവാളി ടിറ്റോ ജെറോമും ഉപയോഗിച്ചിരുന്നു എന്നു സംശയിക്കുന്ന മൊബൈൽ ഫോൺ സെല്ലിനുള്ളിൽനിന്നു പിടിച്ചെടുത്തതു സെൻട്രൽ ജയിലിൽ നിന്നെത്തിയ ജീവനക്കാർ. ഫോൺ റിപ്പോർട്ട് ചെയ്താൽ പൊല്ലാപ്പാകുമെന്നും മിണ്ടാതിരിക്കുന്നതാണു നല്ലതെന്നും ചൂണ്ടിക്കാട്ടി സംഭവം മൂടിവയ്ക്കാൻ ഒരുവിഭാഗം ജീവനക്കാർ ശ്രമിച്ചെന്നു സൂചന. സെൻട്രൽ ജയിലിൽ നിന്നെത്തിയ ജീവനക്കാർ സമ്മതിക്കാതിരുന്നതോടെ ശ്രമം പൊളിഞ്ഞു.
∙ തടവുകാരുടെ മുറിയിൽ സിസിടിവി ക്യാമറ ഉണ്ടായിട്ടും മൊബൈൽ ഫോൺ ഉപയോഗം കണ്ടെത്താൻ കഴിയാതിരുന്നതു ദുരൂഹം. ജയിൽ കവാടത്തിൽ ബോഡി സ്കാനർ പരിശോധന നിർബന്ധമാണെന്നിരിക്കെ മൊബൈൽ ഫോൺ ഉള്ളിലെത്തിയതു ജീവനക്കാർ വഴിയാകുമെന്ന സൂചന അന്വേഷിച്ചതേയില്ല. മതിലിനു പുറത്തു നിന്നു ഫോൺ എറിഞ്ഞുകൊടുത്തതാകാനും സാധ്യതയില്ല. കാരണം, തടവുകാരെ പണിക്കോ മറ്റോ പുറത്തിറക്കുന്ന രീതി അതിസുരക്ഷാ ജയിലില്ല.
∙ അതീവ സുരക്ഷാ മേഖലയായിട്ടു പോലും അതിസുരക്ഷാ ജയിലിലെ കലാപത്തിൽ ജയിൽവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചില്ല. പകരം, കൊടി സുനിയെയും ടിറ്റോ ജെറോമിനെയും പോലുള്ള കൊടുംകുറ്റവാളികളെ അതിവേഗം പേപ്പർവർക്കുകൾ പൂർത്തിയാക്കി ജയിൽമാറ്റി. ഏകാന്ത സെല്ലുകളിൽ പുറത്തിറങ്ങാനാകാതെ കഴിയുന്ന ഇവരടക്കം ഇരുപത്തഞ്ചോളം പേർ തമ്മിൽ ജയിലിനുള്ളിൽ ആശയവിനിമയം നടത്തിയതെങ്ങനെയെന്നും കലാപം ആസൂത്രണം ചെയ്തതെങ്ങനെയെന്നും അവ്യക്തം.