ADVERTISEMENT

തിരുവനന്തപുരം ∙ സൈബർ തട്ടിപ്പുകളുടെ വാർത്ത തുടരെ വന്നിട്ടും വീണ്ടും അതിൽപെട്ടുപോകുന്ന മലയാളിയെ ബോധവൽക്കരിക്കാൻ പൊലീസുമായി ചേർന്നു പ്രവർത്തിക്കാൻ യുവാക്കളെ തേടുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ വിഭാഗത്തിന്റെ നിർദേശപ്രകാരമാണിത്. 

ചണ്ഡിഗഡും ജമ്മു കശ്മീരും ചില പൊലീസ് സ്റ്റേഷനുകളിൽ ഇതു പരീക്ഷണാർഥം നടപ്പാക്കിയിരുന്നു. കേരളത്തിൽ ആദ്യം 6000 പേരെ സൈബർ വൊളന്റിയർമാരായി തിരഞ്ഞെടുക്കും.

ഓരോ പൊലീസ് സ്റ്റേഷനുകളിലും 10 മുതൽ 15 വരെ വൊളന്റിയർമാരെയാണു തിരഞ്ഞെടുക്കുക. 45 വയസ്സിൽ താഴെയുള്ള, മൊബൈൽ ഫോൺ, ഇന്റർനെറ്റ് രംഗത്തു ‌പരിചയമുള്ളവർക്ക് അപേക്ഷിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ cybercrime.gov.in പോർട്ടലിൽ സൈബർ വൊളന്റിയറായി റജിസ്റ്റർ ചെയ്ത ശേഷം പൊലീസ് സ്റ്റേഷനിലോ ജില്ലകളിലെ ഡിസിആർബി ഡിവൈഎസ്പിയെയോ സന്നദ്ധത അറിയിക്കാം. ഇൗ മാസം തന്നെ അപേക്ഷകൾ സ്വീകരിച്ച് ഡിസംബറിൽ പരിശീലനം നൽകും.

പുതിയ തരം സൈബർ തട്ടിപ്പ് എവിടെ സംഭവിച്ചാലും അതിന്റെ വിവരങ്ങളും രീതികളും ഇൗ സൈബർ വൊളന്റിയർമാരെ ചേർത്തു രൂപീകരിച്ചിട്ടുള്ള സമൂഹമാധ്യമ ഗ്രൂപ്പുകളിലേക്കു നൽകും. 

അവർ ഇതിനായി രൂപീകരിച്ചിട്ടുള്ള റസിഡൻസ് അസോസിയേഷനുകളുടെയും മറ്റു സംഘങ്ങളുടെയും ഗ്രൂപ്പുകളിലേക്കു വിവരം നൽകി ജാഗ്രതാ നിർദേശമെത്തിക്കും.

രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും ഇൗ വൊളന്റിയർമാരെ ഉപയോഗിക്കാനാണു കേന്ദ്രസർക്കാർ ഉദ്ദേശിച്ചിരുന്നത്.

പൊലീസ് ക്രിപ്റ്റോ അന്വേഷണ യൂണിറ്റ്

ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നതിന്റെ പേരിൽ കേരളത്തിൽനിന്നു കോടികൾ തട്ടിയെടുക്കുന്നുവെന്ന പരാതികൾ വന്നതോടെ സൈബർ ഓപ്പറേഷൻസ് വിഭാഗം എറണാകുളത്ത് ക്രിപ്റ്റോ അന്വേഷണ വിഭാഗം തുടങ്ങി. 

കൊല്ലത്തു നിന്നു 90 ലക്ഷം രൂപയും കോഴിക്കോട്ടു നിന്ന് 40 ലക്ഷവും വയനാട്ടിൽ നിന്ന് 30 ലക്ഷവും തട്ടിപ്പു നടത്തിയതാണ് ഇൗ യൂണിറ്റ് അന്വേഷിക്കുന്നത്.

English Summary:

Central Government comes up with comprehensive Scheme to prevent Cyber Frauds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com