ADVERTISEMENT

തൃശൂർ ∙ കാപ്പ നിയമം ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ള ഗുണ്ടാത്തലവനെ കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം. എതിർസംഘത്തിൽപെട്ട 9 പേർക്കെതിരെ കേസെടുത്തു. കവർച്ചയും വധശ്രമവും അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ അന്തിക്കാട് സ്വദേശി സിയാദിനെ (32) സംഘം ചേർന്നു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്തിക്കാട് മുറ്റിച്ചൂർ പടിയം പള്ളിയിൽ സനൽ (25), താന്ന്യം തെക്കൂട്ട് ശ്രീരാഗ് (33), ദേവികുളം പുളിക്കരവയൽ ആനക്കൽപെട്ടി സൂര്യ (26), കോട്ടയം കവണാറ്റിൻകര ശരണ്യാലയത്തിൽ സച്ചു ചന്ദ്രൻ (26), എറണാകുളം മുളന്തുരുത്തി ഇല്ലത്തുപറമ്പിൽ കാർത്തിക് (30), കണ്ണൂർ വാരണശേരി കോരത്ത് അതുൽ ജോൺ (28), കൊല്ലം തട്ടാൻമല ഫാത്തിമ മൻസിലിൽ മാഹിൻ (22), കണ്ണൂർ അണ്ടത്തോട് ശബന്നൂരിൽ മുഹമ്മദ് റീസ (26), കണ്ണൂർ ചാല അലിയാസിൽ സാദ് അഷറഫ് (27) എന്നിവർക്കെതിരെയാണു വിയ്യൂർ പൊലീസ് കേസെടുത്തത്. 

കഴിഞ്ഞ ദിവസം ഉച്ചയ്ക്കു പതിനൊന്നരയോടെയാണു സംഭവം. സിയാദ് കാപ്പ വെരിഫിക്കേഷനു വേണ്ടി ജയിലിന്റെ ഇന്നർ ഗേറ്റിനു സമീപം തനിച്ചെത്തിയപ്പോഴാണു സനലിന്റെയും ശ്രീരാഗിന്റെയും നേതൃത്വത്തിൽ ഒൻപതംഗ സംഘം ആക്രമിച്ചത്. സിയാദിനെ അടിച്ചുവീഴ്ത്തി നിലത്തിട്ടു ചവിട്ടിയ ശേഷം കല്ലും വടിയും ഉപയോഗിച്ചു തലയ്ക്കടിച്ചു. ഓടിയെത്തിയ ജയിൽ ജീവനക്കാരൻ തടയാൻ ശ്രമിച്ചെങ്കിലും ഗുണ്ടാസംഘം വധഭീഷണി മുഴക്കി അകറ്റിനിർത്തി. കൂടുതൽ ജീവനക്കാരെത്തിയാണു സിയാദിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. സിയാദ് ചികിത്സയിലാണ്. 

പകപോക്കലിന് സാധ്യത

സിയാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു പകരം വ‍ീട്ടാൻ മറുവിഭാഗം ശ്രമിച്ചേക്കുമെന്ന സൂചനയുണ്ട്. അന്തിക്കാട്ടെ രണ്ടു ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പോരിൽ പല ജില്ലകളിലെ ഗുണ്ടകൾ ഇരുവിഭാഗങ്ങളായി അണിനിരന്നതായാണു വിവരം. ഇവർ തമ്മിൽ ഏറ്റുമുട്ടലിനു സാധ്യതയുള്ളതിനാൽ ജീവനക്കാർ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.

English Summary:

Attempt made to murder gangster in Viyyur Central Jail; case against 9 persons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com