ADVERTISEMENT

കാഞ്ഞങ്ങാട് (കാസർകോട്) ∙ മോഷ്ടിച്ച ബൈക്കുമായി ഹെൽമറ്റില്ലാതെ കള്ളൻ നാടുചുറ്റുന്നു; ഉടമയ്ക്കാകട്ടെ ഓരോ ദിവസവും മോട്ടർ വാഹനവകുപ്പിൽ നിന്ന് പിഴയടയ്ക്കാൻ നോട്ടിസും ലഭിക്കുന്നു!  ബിഎംഎസ് മടിക്കൈ മേഖലാ വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയുമായ ഏച്ചിക്കാനം ചെമ്പിലോട്ടെ കെ.ഭാസ്കരനാണ് ബൈക്ക് മോഷണം പോയതിനു പിന്നാലെ ‘കള്ളന്റെ വക’ ഭാരിച്ച പിഴയും ലഭിക്കുന്നത്. 

കഴിഞ്ഞ ജൂൺ 27ന് കാഞ്ഞങ്ങാട് പുതിയകോട്ട മദൻസ് ആർക്കേഡിന്റെ പാർക്കിങ് ഏരിയയിൽ നിന്നാണ് ഭാസ്കരന്റെ കെഎൽ 14 എഫ് 1014 നമ്പർ ബൈക്ക് മോഷണം പോയത്. കൊച്ചിയിൽ ബിഎംഎസ് സമ്മേളനത്തിനു പോയ ഭാസ്കരൻ ജൂൺ 30ന് തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിയുന്നത്.ഉടൻ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. ബൈക്ക് ഉടൻ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല.

മോഷ്ടിച്ച ബൈക്കിൽ പുതിയകോട്ട മുതൽ കോഴിക്കോട് വരെ ഹെൽമറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചപ്പോൾ 5 സ്ഥലങ്ങളിൽ റോഡ് ക്യാമറയിൽ കുടുങ്ങി. 500, 1000 രൂപ വീതം പിഴയടക്കാനാണ് ഭാസ്കരന് നോട്ടിസ് ലഭിച്ചത്. തുടർന്ന് ഭാസ്കരൻ വകുപ്പിന്റെ സൈറ്റ് പരിശോധിച്ചപ്പോൾ പിഴത്തുക 9,500 രൂപയായി ഉയർന്നതായും വ്യക്തമായി. ഇതോടെ ഭാസ്കരൻ വീണ്ടും പൊലീസിനെ സമീപിച്ചു. ഹൊസ്ദുർഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എഐ ക്യാമറകളിൽ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഓരോ സ്ഥലത്തും യുവാവിനൊപ്പമുള്ള പിൻസീറ്റ് യാത്രക്കാർ മാറുന്നുണ്ട്. ഈ ചിത്രം വഴി മോഷ്ടാവിനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണു പൊലീസ്. ‘ബൈക്ക് മോഷ്ടിച്ചു, ഹെൽമറ്റ് ധരിച്ച് ഓടിച്ചുകൂടേ’ എന്നാണു ഭാസ്കരന്റെ ചോദ്യം.

English Summary:

Thief flies without helmet on stolen bike; owner has receives fine of Rs 9,500 so far

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com