ADVERTISEMENT

കൊച്ചി ∙ ‘ഒരു സമൂഹം അവരുടെ കുഞ്ഞുങ്ങളെ എങ്ങനെ സംരക്ഷിക്കുന്നുവെന്നതാണ് ആ സമൂഹത്തിന്റെ യഥാർഥ സവിശേഷത’- വർണവിവേചന വിരുദ്ധ സമരങ്ങളുടെ നായകനും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റും നൊബേൽ ജേതാവുമായ നെൽസൺ മണ്ടേലയെ ഉദ്ധരിച്ചാണ് ആലുവയിൽ 5 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിന്റെ വിധി കോടതി പ്രസ്താവിച്ചത്. 

കോടതിയുടെ കണ്ടെത്തലുകൾ ഇങ്ങനെ–  ‘സാക്ഷിമൊഴികൾ, രേഖകൾ, ശാസ്ത്രീയ തെളിവുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു. ദൃക്‌സാക്ഷികളില്ലെങ്കിലും ഡിഎൻഎ തെളിവുകളടക്കം പ്രതി കുറ്റക്കാരനാണെന്നു സ്ഥാപിക്കുന്നതാണ്. ഇത്തരം കേസുകളിൽ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നതിനാലാണ് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവർക്കു വധശിക്ഷയ്ക്കുള്ള വ്യവസ്ഥയോടെ 2019 ഓഗസ്റ്റ് 16നു പോക്സോ നിയമത്തിൽ ഭേദഗതി വരുത്തിയത്. 

പ്രതിയുടെ ക്രൂരസ്വഭാവവും മനുഷ്യ ജീവനോടുള്ള അനാദരവും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ മുറിവുകളുടെ വിവരണത്തിൽ മനസ്സിലാക്കാമെന്നു കോടതി ചൂണ്ടിക്കാട്ടി. കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ പറഞ്ഞതുപോലെ പ്രതിയെ സമൂഹത്തിലേക്കു തിരികെവിടുന്നത് ജനിക്കാനിരിക്കുന്ന പെൺകുഞ്ഞുങ്ങൾക്കു പോലും ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. 

പ്രതിയുടെ കുടുംബ പശ്ചാത്തലം, വിദ്യാഭ്യാസം, സാമൂഹിക- സാമ്പത്തിക പശ്ചാത്തലം, തൊഴിൽ, മാനസികാവസ്ഥ എന്നിവ പരിഗണിക്കണമെന്നും വധശിക്ഷ നൽകരുതെന്നും പ്രതിഭാഗം അഭ്യർഥിച്ചിരുന്നു. 

ഇതുസംബന്ധിച്ചു വിധിന്യായത്തിൽ പറയുന്നതിങ്ങനെ– ‘പ്രതിയുടെ മനോനിലയ്ക്കു തകരാറില്ലെന്നു റിപ്പോർട്ടുകളിൽ പറയുന്നു. വർഷങ്ങളായി പ്രതിക്കു കുടുംബവുമായി ബന്ധമില്ല. അതിനാൽ കുടുംബ പശ്ചാത്തലം പരിഗണിക്കേണ്ടതില്ല. നാലാം ക്ലാസിൽ പഠനം നിർത്തിയ ആളാണു പ്രതി. ജോലിക്കു ദിവസക്കൂലിയായി കിട്ടുന്ന 700– 1000 രൂപ പ്രധാനമായും മദ്യപിക്കാനും പുകവലിക്കാനുമാണ് ചെലവിടുന്നത്. ബിഹാറിൽനിന്നുള്ള ബാലികയുടെ കുടുംബ പശ്ചാത്തലം കൂടി കണക്കിലെടുക്കണം.’

പ്രതി ദയ അർഹിക്കുന്നില്ലെന്നു വ്യക്തമാക്കുന്നതാണു സാമൂഹികനീതി വകുപ്പിന്റെ ജില്ലാ പ്രബേഷൻ ഓഫിസറും പ്രതിയുടെ ഗ്രാമത്തിൽ അന്വേഷണം നടത്തിയ ബിഹാറിലെ സാമൂഹിതനീതി ഉദ്യോഗസ്ഥനും നൽകിയ റിപ്പോർട്ടുകൾ. 

5 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോയി മദ്യം നൽകി അബോധാവസ്ഥയിലാക്കി പീഡിപ്പിച്ചു കൊലപ്പെടുത്തിയ രീതി പ്രതിയുടെ അതിക്രൂരമായ ക്രിമിനൽ സ്വഭാവം വ്യക്തമാക്കുന്നു. 2018 ൽ ഡൽഹിയിൽ മറ്റൊരു പോക്സോ കേസിലും പ്രതിയായത് ഇയാൾക്കു കുട്ടികളോടുള്ള ലൈംഗികാതിക്രമവാസന വ്യക്തമാക്കുന്നു. ഡൽഹി കേസിൽ ജാമ്യമെടുത്തു മുങ്ങിയ പ്രതി കേരളത്തിലുണ്ടെന്നു ഡൽഹി പൊലീസ് അറിഞ്ഞത് പ്രതി ആലുവ കേസിൽ അറസ്റ്റിലായതിനു ശേഷമാണ്. അതിനാൽ ഡൽഹി കേസിൽ തീർപ്പുണ്ടായിട്ടില്ലെന്നതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

35–ാം ദിവസം കുറ്റപത്രം,109–ാം ദിവസം ശിക്ഷ

∙ ഇക്കൊല്ലം ജൂലൈ 28: ബിഹാർ സ്വദേശിനിയായ 5 വയസ്സുകാരിയെ ആലുവ തായിക്കാട്ടുകര ഗാരിജിനടുത്തുള്ള വീട്ടിൽനിന്നു കാണാതായി. സംശയത്തിന്റെ അടിസ്ഥാനത്തിൽ ബിഹാർ 

സ്വദേശി അസഫാക് ആലം അന്നു രാത്രി 9നു പൊലീസ് കസ്റ്റഡിയിൽ.

∙ ജൂലൈ 29: പകൽ 11.45നു കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിനു സമീപം പെരിയാറിന്റെ തീരത്തു ചാക്കും മാലിന്യവുമിട്ടു മൂടിയനിലയിൽ കണ്ടെത്തി. പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അസഫാക് ആലത്തെ അറസ്റ്റ് ചെയ്തു.

∙ ഓഗസ്റ്റ് 1: പ്രതി മുൻപു മറ്റൊരു പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ആളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

∙ഓഗസ്റ്റ് 3: കുട്ടിയുടെ തന്നെ ടീഷർട്ട് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണു 

കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

∙ സെപ്റ്റംബർ 1: എഫ്ഐആർ റജിസ്റ്റർ ചെയ്ത് 35–ാം ദിവസം ആലുവ റൂറൽ പൊലീസ് 

കുറ്റപത്രം നൽകി. പഴച്ചാറിൽ കൂടിയ അളവിൽ മദ്യം കലർത്തി കുട്ടിയെ കുടിപ്പിച്ചിരുന്നുവെന്നു കുറ്റപത്രം.

∙ ഒക്ടോബർ 4: വിചാരണയ്ക്കു തുടക്കം.

∙ഒക്ടോബർ 18: സാക്ഷി വിസ്താരം പൂർത്തിയാക്കി.

∙ ഒക്ടോബർ 27: പ്രോസിക്യൂഷൻ വാദം പൂർത്തിയായി.

∙ നവംബർ 4: പ്രതി ഗുരുതര സ്വഭാവമുള്ള 13 കുറ്റകൃത്യങ്ങൾ ചെയ്തതായി കോടതി കണ്ടെത്തി.

∙ നവംബർ 14: സംഭവം നടന്ന് 109–ാം ദിവസം പോക്സോ കോടതിയുടെ വിധി.

ആന്ധ്രയിലെ കേസിലും ചോദ്യം ചെയ്യും

കൊച്ചി ∙ പ്രതി അസഫാക് ആലം ആന്ധ്രയിലും സമാന കുറ്റകൃത്യം ചെയ്തതായി സംശയം. പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ ഡൽഹി പൊലീസ് പ്രൊഡക്‌ഷൻ വാറന്റിൽ കസ്റ്റഡിയിൽ വാങ്ങുമ്പോൾ ആന്ധ്ര പൊലീസും ചോദ്യം ചെയ്യും. ആന്ധ്രയിൽ 2 വർഷം മുൻപു പെൺകുഞ്ഞിനെ പീഡ‍ിപ്പിച്ചു കൊലപ്പെടുത്തി സമാന സാഹചര്യത്തിൽ മറവു ചെയ്ത കേസിൽ പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. 

അവിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തിൽനിന്നു പ്രതിയുടെ ശരീര കലകൾ വീണ്ടെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു കഴിഞ്ഞിട്ടുണ്ടെങ്കിൽ ഡിഎൻഎ പരിശോധനയിലൂടെ പ്രതിയെ തിരിച്ചറിയാൻ കഴിയും. 

ആലുവ കേസിൽ പെൺ‌കുട്ടിയുടെ നഖത്തിൽനിന്നു കണ്ടെത്തിയ കോശങ്ങളിൽ പ്രതിയുടെ ഡിഎൻഎ തിരിച്ചറിഞ്ഞിരുന്നു. പ്രതിയുടെ നഖത്തിൽ കണ്ടെത്തിയ നൂൽശകലം പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രത്തിന്റേതാണെന്നു ശാസ്ത്രീയമായി തെളിയിച്ചിരുന്നു. ഇതു രണ്ടും കേസിൽ നിർണായക തെളിവുകളായി. 

ആലുവ കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കുഞ്ഞുങ്ങളോടു ക്രൂരത കാണിക്കുന്ന സ്വഭാവ വൈകൃതമുള്ളയാളാണു പ്രതിയെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ആന്ധ്രയിലേതു പോലുള്ള കേസുകളിൽ ചോദ്യം ചെയ്യേണ്ടി വരുന്ന സാഹചര്യം ഇതാണ്.

English Summary:

Court Verdict in Aluva Child Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com