ADVERTISEMENT

ന്യൂഡൽഹി ∙ കേരളത്തിൽ തോറിയം അധിഷ്ഠിത ആണവ നിലയം സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി കേന്ദ്രമന്ത്രി ആർ.കെ.സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ടുവച്ചു. രണ്ടാഴ്ച മുൻപ് ഡൽഹിയിൽ നടന്ന ഊർജമന്ത്രിമാരുടെ യോഗത്തിലും തോറിയത്തെക്കുറിച്ച് കേരളം പരാമർശിച്ചിരുന്നു. 

ഗുണനിലവാരമുള്ള തോറിയം കേരള തീരത്തു കാര്യമായുണ്ടെന്നും സംസ്ഥാനം ഇന്നലെ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിലെ കൽപ്പാക്കത്ത് 32 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന തോറിയം അധിഷ്ഠിത വൈദ്യുതനിലയം ഭാഭ ആറ്റമിക് റിസർച് സെന്റർ (ബാർക്) വികസിപ്പിച്ച കാര്യവും കേരളം പരാമർശിച്ചു. തോറിയം ഉപയോഗിക്കുന്നതു വഴി ന്യായമായ ഉൽപാദനച്ചെലവിൽ കേരളത്തിലെ ഹരിതോർജത്തിന്റെ അളവു കൂട്ടാമെന്നും സംസ്ഥാനം അറിയിച്ചിട്ടുണ്ട്. ലോകത്തെ തോറിയം നിക്ഷേപത്തിന്റെ 90 ശതമാനവും ഇന്ത്യയിലാണ്. കേരളത്തിൽ നിലവിൽ ആണവോർജ നിലയം ഇല്ല.

വനഭൂമി ഉപയോഗിക്കുന്നതിനു കൂടുതൽ ഇളവുകൾ നൽകുന്ന പുതിയ വനസംരക്ഷണ ഭേദഗതി നിയമം അനുസരിച്ച് കേരളത്തിൽ നിലവിലുള്ള ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കാനും സർക്കാർ അനുമതി തേടി. ജലവൈദ്യുത പദ്ധതികൾക്ക് അനുമതി നൽകാൻ ഏകജാലക സംവിധാനം വേണം.

മൂന്നാറിലെ ലക്ഷ്‍മി ജലവൈദ്യുത പദ്ധതി, ഇടുക്കിയിലെ രണ്ടാം വൈദ്യുതനിലയം എന്നിവ മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന് സാമ്പത്തിക സഹായവും പാരിസ്ഥിതിക ഇളവുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇടമലയാർ, ഇടുക്കി, പള്ളിവാസൽ എന്നിവിടങ്ങളിൽ‌ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് പദ്ധതിരേഖ (ഡിപിആർ) തയാറാക്കുമെന്നും കേരളം അറിയിച്ചു.

33,115 അങ്കണവാടികൾ കാർബൺ ന്യൂട്രൽ

ഇലക്ട്രിക് പാചകം, റൂഫ്ടോപ് സോളർ എന്നിവ വഴി കേരളത്തിലെ 33,115 അങ്കണവാടികൾ കാർബൺ ന്യൂട്രലാക്കാൻ 1,024 കോടി രൂപ കേന്ദ്രസഹായം കേരളം ആവശ്യപ്പെട്ടു. 64,000 ടൺ കാർബൺ ബഹിർഗമനം ഇതുവഴി കുറയ്ക്കാനാകും. എൽപിജി ഇനത്തിൽ 29  കോടി രൂപയും വൈദ്യുതി ചാർജ് ഇനത്തിൽ 13 കോടി രൂപയും ലാഭിക്കാമെന്നും കേരളം ചൂണ്ടിക്കാട്ടി. 2025 ൽ കേരളം 10 ലക്ഷം വൈദ്യുതി വാഹനങ്ങൾ ലക്ഷ്യമിടുന്നുണ്ടെന്നും ഇതിനായി വ്യവസ്ഥകളിൽ ഇളവു നൽകണമെന്നും ആവശ്യപ്പെട്ടു

English Summary:

Kerala is looking for the possibility of a nuclear power plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com