മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും പെൻഷൻ നൽകും: രമേശ് ചെന്നിത്തല

Mail This Article
അടിമാലി ∙ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്നു ചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ വയോധികമാരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. സർക്കാർ പെൻഷൻ നൽകുന്നതു വരെ മറിയക്കുട്ടിക്കും അന്നക്കുട്ടിക്കും 1,600 രൂപ വീതം എല്ലാ മാസവും പെൻഷൻ നൽകും. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഗാന്ധിഗ്രാമം സന്നദ്ധപദ്ധതിയിലൂടെയാണു തുക നൽകുക. ഇതിന്റെ ആദ്യ ഗഡു ഇരുവർക്കും ഇന്നലെ രമേശ് നേരിട്ടു കൈമാറി.
അന്നക്കുട്ടിയുടെ വീട്ടിൽ എത്തിയതിനു ശേഷമാണു രമേശ് ചെന്നിത്തല മറിയക്കുട്ടിയുടെ വീട്ടിൽ ചെന്നത്. ക്ഷേമ പെൻഷൻ ലഭിക്കാൻ അമ്മമാർ ചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങേണ്ടിവന്നതു കേരളത്തിന് അപമാനമാണെന്നു രമേശ് പറഞ്ഞു.
ആത്മാഭിമാനമുണ്ടെങ്കിൽ പിണറായി സർക്കാർ ഇവരോടു മാപ്പു പറയണം. ഇവർക്കെതിരെ കള്ളക്കഥകൾ ചമച്ച് സമൂഹമധ്യത്തിൽ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത സിപിഎം മുഖപത്രവും നേതാക്കളും ചെയ്ത തെറ്റിന് അമ്മമാരുടെ വീട്ടിലെത്തി ക്ഷമാപണം നടത്തണം. ഇത് ഒറ്റപ്പെട്ട സംഭവമായി സർക്കാർ കാണരുത്.
ക്ഷേമ പെൻഷനുകൾ നൽകുന്നതിനായി പെട്രോളിയം ഉൽപന്നങ്ങൾക്കു 2 രൂപ വീതം സെസ് ഏർപ്പെടുത്തി സർക്കാർ ഖജനാവിലേക്ക് എത്തിച്ച പണം എന്തിനു വേണ്ടി ചെലവഴിച്ചെന്നു സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.