എസ്.വെങ്കിട്ടരമണൻ; കടുത്ത നടപടിക്ക് നേതൃത്വം നൽകിയ റിസർവ് ബാങ്ക് ഗവർണർ

Mail This Article
ചെന്നൈ ∙ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയ 1990–92 കാലത്താണ് വെങ്കിട്ടരമണൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഗവർണറായിരുന്നത്. റിസർവ് ബാങ്കിന്റെ കരുതൽ സ്വർണം പണയപ്പെടുത്തി ഐഎംഎഫിൽ നിന്ന് വായ്പയെടുക്കുക എന്ന കടുത്ത നടപടിക്ക് അദ്ദേഹം നേതൃത്വം നൽകി. ഏറെ കോളിളക്കം സൃഷ്ടിച്ചെങ്കിലും ഈ തീരുമാനത്തിലൂടെ രാജ്യത്തെ പ്രതിസന്ധിക്കു പരിഹാരം കാണാൻ വെങ്കിട്ടരമണനു സാധിച്ചു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കു വഴിതെളിച്ച ഹർഷദ് മേത്ത ഉൾപ്പെട്ട ഓഹരി കടപ്പത്ര കുംഭകോണം പുറത്തുവന്നതും അദ്ദേഹത്തിന്റെ കാലത്താണ്. തട്ടിപ്പിന്റെ വിശദാംശങ്ങൾ പുറത്തുകൊണ്ടുവന്ന ജാനകിരാമൻ കമ്മിറ്റിയെ നിയോഗിച്ചത് വെങ്കിട്ടരമണനായിരുന്നു. ഈ നടപടികൾ അന്നത്തെ ധനമന്ത്രി മൻമോഹൻ സിങ് പ്രത്യേകം അഭിനന്ദിച്ചിരുന്നു. വി.പി.സിങ് ധനമന്ത്രി സ്‌ഥാനം രാജിവച്ചപ്പോൾ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ബജറ്റ് അവതരിപ്പിക്കാൻ ധൈര്യം നൽകിയതിലും വെങ്കിട്ടരമണന് സുപ്രധാന പങ്കുണ്ടായിരുന്നു.
സ്കൂൾ അധ്യാപകനായിരുന്ന ശുചീന്ദ്രം സ്വദേശി ശങ്കരനാരായണ അയ്യരുടെ പുത്രനായി 1931 ജനുവരി 28ന് ജനിച്ച വെങ്കിട്ടരമണൻ, പഠിച്ച ക്ലാസുകളിലെല്ലാം ഒന്നാമനായാണ് വിജയിച്ചത്. സ്കൂൾ ഫൈനൽ, ഇന്റർമീഡിയറ്റ്, എംഎസ്സി ഫിസിക്സ് എന്നീ പരീക്ഷകളിലും ഒന്നാം റാങ്കുകാരനായിയിരുന്നു. 1952ൽ സിവിൽ സർവീസ് നേടി.
തമിഴ്നാട്ടിൽ സബ് കലക്ടർ, ധനകാര്യ സെക്രട്ടറി, മുഖ്യമന്ത്രി കാമരാജിന്റെ പ്രൈവറ്റ് സെക്രട്ടറി, കേന്ദ്രമന്ത്രി സി.സുബ്രഹ്മണ്യത്തിന്റെ പ്രൈവറ്റ് സെക്രട്ടറി, കേന്ദ്ര ധനകാര്യ സെക്രട്ടറി, പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ്, കർണാടക സർക്കാരിന്റെ ഉപദേഷ്ടാവ് തുടങ്ങി നിരവധി പദവികൾ വഹിച്ചു. ലോകബാങ്കിലും പ്രവർത്തിച്ചു. അമേരിക്കയിലെ പിറ്റ്സ്ബർഗ് കാർനഗി മെല്ലൻ സർവകലാശാലയിൽനിന്ന് വ്യവസായ മാനേജ്മെന്റിലും ബിരുദാനന്തര ബിരുദം നേടി.
1992ൽ വിരമിച്ച ശേഷവും വിവിധ കമ്പനികളുടെയും ബാങ്കുകളുടെയും നേതൃസ്ഥാനത്തു പ്രവർത്തിച്ചു. ഇന്ത്യൻ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട 3 പുസ്തകങ്ങളും ഒട്ടേറെ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. കേരളത്തിലെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും ചീഫ് സെക്രട്ടറിയുമായിരുന്ന നളിനി നെറ്റോ സഹോദരീപുത്രിയാണ്.