വൈക്കം തഹസിൽദാർക്കെതിരായ നടപടി വൈകൽ; എംഎൽഎക്കെതിരെ ആരോപണം

Mail This Article
വൈക്കം ∙ പോക്സോ കേസിലെ അതിജീവിതയുടെ വിവരങ്ങൾ പുറത്തുവന്നതുമായി ബന്ധപ്പെട്ട് വൈക്കം തഹസിൽദാർക്കെതിരെ നടപടി വൈകുന്നതിൽ വൈക്കം എംഎൽഎക്ക് എതിരെ ആരോപണവുമായി അതിജീവിതയുടെ കുടുംബം.
സംഭവത്തിൽ എംഎൽഎയുടെ നിലപാടിൽ ദുരൂഹതയുണ്ട്. ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടും തഹസിൽദാർ മനഃപൂർവം വൈകിച്ചു. സിപിഐയുടെ പോഷകസംഘടനയായ ജോയിന്റ് കൗൺസിലിന്റെ പിന്തുണ തഹസിൽദാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഉള്ളതിനാലാണു സർട്ടിഫിക്കറ്റ് വൈകിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവർക്കു പരാതി നൽകിയിട്ടും ആരും വിഷയത്തിൽ ഇടപെട്ടില്ലെന്നും അതിജീവിതയുടെ മാതാവ് പറഞ്ഞു. തിങ്കളാഴ്ച കോടതിനടപടികൾക്കു ശേഷം മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും നേരിൽക്കണ്ട് വീണ്ടും പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.
അതേസമയം അതിജീവിതയുടെ കുടുംബം ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണം ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും സി.കെ.ആശ എംഎൽഎ പറഞ്ഞു.