ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്തു സ്വകാര്യ മരുന്നുനിർമാണ കമ്പനിക്ക് അനധികൃതമായും നയം ലംഘിച്ചും വായ്പ അനുവദിച്ചതിനാൽ വ്യവസായ വകുപ്പിനു കീഴിലുള്ള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ലിമിറ്റഡിന് (കെഎസ്ഐഡിസി) 40 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നിരീക്ഷിച്ചു.

2019 ഓഗസ്റ്റിൽ, അന്നത്തെ വ്യവസായ മന്ത്രിയുടെ അനുചിത ഇടപെടലിനെത്തുടർന്നാണ്, 72 കോടി രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്ന കമ്പനിക്ക് വീണ്ടും 3 കോടി വായ്പ അനുവദിച്ചതെന്നും സിഎജി വ്യക്തമാക്കി. കഴിഞ്ഞ മാസം 9ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ് 2 കേരള) ഓഫിസിലെ ഓഡിറ്റ് സംഘമാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്.

നിലവിൽ എൽഡിഎഫ് കൺവീനർ കൂടിയായ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് വായ്പ അനുവദിച്ചത്. അന്നത്തെ വ്യവസായമന്ത്രി എന്ന് പരാമർശിച്ചിട്ടുണ്ടെങ്കിലും ഇ.പി.ജയരാജന്റെ പേര് സിഎജിയുടെ പ്രാഥമിക റിപ്പോർട്ടിലില്ല.  

ഡോ. എ.ഡി.കൃഷ്ണന്റെ ഉടമസ്ഥതയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിനാണ് ചട്ടങ്ങൾ ലംഘിച്ച് വായ്പ അനുവദിച്ചത്.  കമ്പനിയുടെ മുൻ എംഡിയും നിലവിൽ സിഇഒയുമാണ് കൃഷ്ണൻ. 

സിഎജി റിപ്പോർട്ടിൽ പറയുന്നത്

∙വായ്പ അനുവദിക്കുന്നതിലെ ഓരോ ഘട്ടത്തിലും വ്യവസായ മന്ത്രിയുടെ അനധികൃത ഇടപെടൽ ഉണ്ടായി. ഇത് കെഎസ്ഐഡിസി ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെയും മാനേജ്മെന്റിന്റെയും തീരുമാനത്തെ സ്വാധീനിച്ചു.

∙2019 ജൂൺ 30ന് കമ്പനി 72 കോടി രൂപ കുടിശിക അടയ്ക്കാനുണ്ട്. കമ്പനി ഈടായി നൽകിയ ഭൂമിയുടെ മൂല്യം 30 കോടി മാത്രമായിരുന്നു. 

∙കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടിയില്ലാത്തതു മൂലം 40 കോടി രൂപയുടെ നഷ്ടം നേരിട്ടു. 

∙ഈടായി നൽകിയ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വ്യവസായ മന്ത്രിയുടെ ഓഫിസിൽനിന്നുള്ള ഇടപെടലിനെത്തുടർന്ന് മുടങ്ങി. 

∙കുടിശിക നിലനിൽക്കെത്തന്നെ വീണ്ടും പലിശരഹിത വായ്പയായി 3 കോടി രൂപ അനുവദിച്ചു. 

∙ഈടുവച്ച ഭൂമിയുടെ വിലയിലും കൂടുതലുള്ള തുക കുടിശികയുള്ളപ്പോഴാണ് വ്യവസായ മന്ത്രിയുടെ നിർദേശ പ്രകാരം ഈ വായ്പ അനുവദിച്ചത്. 

സിഎജി ഓഡിറ്റ് റിപ്പോർട്ടിനു വേണ്ടിയുള്ള സ്പെഷൽ ഓഡിറ്റ് ആണ് നടന്നത്. കെഎസ്ഐഡിസിയുടെ കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും പരിശോധനയും ഇതിന്റെ ഭാഗമായി നടന്നുവരികയാണ്. റിപ്പോർട്ട് കെഎസ്ഐഡിസിക്ക് ഒക്ടോബറിൽ കൈമാറിയെങ്കിലും മറുപടി കൈമാറിയിട്ടില്ല. മറുപടി ലഭിച്ചാലുടൻ വിശദമായ റിപ്പോർട്ട് തയാറാക്കി, സർക്കാരിന്റെ അഭിപ്രായം തേടും. 

കാണാൻ വന്നു, വഴിവിട്ട ഒരു കാര്യവും ചെയ്തിട്ടില്ല

‘‘ഡോ. കൃഷ്ണൻ കാണാൻ വന്നിരുന്നു, പരാതികൾ എല്ലാം കേട്ടു. ഉചിതമായ നിലപാടു മാത്രമേ സ്വീകരിച്ചിട്ടുണ്ടാകൂ. വഴിവിട്ട ഒരു കാര്യവും ചെയ്തിട്ടില്ല. ഫയൽ നോക്കിയാൽ മാത്രമേ ഇതെക്കുറിച്ച് പറയാൻ കഴിയൂ. എന്താണ് സിഎജി പറഞ്ഞതെന്ന് പരിശോധിക്കേണ്ടതുണ്ട്’’.–ഇ.പി.ജയരാജൻ

നഷ്ടത്തിലാക്കിയത് കെഎസ്ഐഡിസി

‘‘കമ്പനിയെ നഷ്ടത്തിലാക്കിയതും ഈ ഗതിയിലാക്കിയതും കെഎസ്ഐഡിസിയാണ്. ഇ.പി.ജയരാജൻ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ഞങ്ങളെ കുറച്ച് സഹായിക്കാൻ ശ്രമിച്ചു. അനധികൃമായി ഒന്നും ചെയ്തിട്ടില്ല. സിഎജിയുടെ റിപ്പോർട്ട് കാണാതെ കൂടുതൽ പറയാൻ കഴിയില്ല’’–ഡോ.എ.ഡി.കൃഷ്ണൻ

English Summary:

CAG accuses former minister E.P.Jayarajan of impeding KSIDC's Efforts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com