ഷെൽന നിഷാദ് അന്തരിച്ചു; ആലുവയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി

Mail This Article
ആലുവ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവ നിയോജകമണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് (36) അന്തരിച്ചു. അർബുദത്തെ തുടർന്നു മജ്ജ മാറ്റിവയ്ക്കലിനു വിധേയയായ ശേഷം ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്നലെ രണ്ടിനായിരുന്നു അന്ത്യം. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബിആർക് പാസായ ശേഷം 2011 മുതൽ ആലുവയിൽ എസ്എൻ ആർക്കിടെക്ട്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. സൗത്ത് വാഴക്കുളം ഹോളി ക്രസന്റ് കോളജ് ഓഫ് ആർക്കിടെക്ചറിൽ അധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചി മെട്രോ സ്റ്റേഷനുകളുടെ രൂപകൽപനയിൽ പങ്കുവഹിച്ചു. സിപിഎം ആലുവ ബൈപാസ് ബ്രാഞ്ച് അംഗമാണ്. ഭർത്താവ്: മുൻ കോൺഗ്രസ് എംഎൽഎ പരേതനായ കെ. മുഹമ്മദാലിയുടെയും റിട്ട. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് പി.എം. നസീം ബീവിയുടെയും മകൻ നിഷാദ് അലി (പ്രോജക്ട് കൺസൽറ്റന്റ്). മകൻ: ആതിഫ് അലി (വിദ്യാർഥി, ജെംസ് മോഡേൺ അക്കാദമി, കാക്കനാട്). ദുബായിൽ ഉദ്യോഗസ്ഥനായ അത്താണി സ്വദേശി എം.വി. ഹുസൈന്റെയും സഫിയയുടെയും മകളാണ്. കബറടക്കം ഇന്ന് 10ന് ആലുവ ടൗൺ ജുമാ മസ്ജിദിൽ.