ഭിന്നശേഷി സംവരണത്തിന് മുസ്ലിം ക്വോട്ടയിലെ കടുംവെട്ട് പ്രതിഷേധാർഹം: മെക്ക

Mail This Article
കോഴിക്കോട്∙ സർക്കാർ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കാൻ മുസ്ലിം സംവരണം അട്ടിമറിച്ച് സർക്കാർ. ഭിന്നശേഷി വിഭാഗക്കാർക്കു സർക്കാർ നിയമനത്തിൽ നാലു ശതമാനം സംവരണം നൽകാൻ തീരുമാനിച്ചതിനെ തുടർന്ന് മുസ്‌ലിം സമുദായത്തിന് 1978 മുതൽ ലഭിച്ചുവരുന്ന സംവരണ അനുപാതത്തിൽ നിന്നും രണ്ടു ശതമാനമാണ് വെട്ടിക്കുറച്ചത്. ഭിന്നശേഷി സംവരണം നാലു ശതമാനം തികയ്ക്കാനാണ് മുസ്‌ലിം സമുദായത്തിന് ഒരുതരത്തിലും അംഗീകരിക്കാനാകാത്ത ഉത്തരവ് സർക്കാർ നടപ്പിലാക്കിയതെന്ന് മെക്ക സംസ്ഥാന പ്രസിഡൻറ് പ്രഫ. പി.നസീറും സംസ്ഥാന ജനറൽ സെക്രട്ടറി അഖ് നസും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
സർക്കാർ സർവീസിൽ ജനസംഖ്യാനുപാതികമായി ഏറ്റവും കുറഞ്ഞ പ്രാതിനിധ്യമുള്ള ഒരു പിന്നാക്ക സമുദായമാണ് ഇപ്പോഴും മുസ്‌ലിംങ്ങൾ. ഇക്കാര്യം നാളിതുവരെയുള്ള എല്ലാ സ്റ്റാറ്റ്യൂട്ടറി കമ്മിഷനുകളും കമ്മിറ്റികളും അംഗീകരിച്ചിട്ടുണ്ട്. 2001ലെ ജസ്റ്റിസ് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ സർക്കാർ സർവീസിൽ മുസ്‌ലിം സമുദായത്തിനു നിശ്ചയിച്ചിട്ടുള്ള സംവരണ അനുപാതമായ 12 ശതമാനത്തിൽ എത്താൻ 7383 തസ്തികകളുടെ കുറവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 2008 ലെ പാലോളി കമ്മിറ്റി റിപ്പോർട്ടും ഈ വസ്തുത ശരിവച്ചിട്ടുണ്ട്.
എന്നാൽ ഈ പിന്നാക്കാവാസ്ഥ പരിഹരിക്കാൻ നാളിതുവരെ സംസ്ഥാന സർക്കാരുകളിൽ നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല, ജനസംഖ്യാനുപാതികമായി നിലവിലെ സംവരണാനുപാതം പുനഃക്രമീകരിക്കണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചിട്ടില്ല. ഇത്തരം തുടർച്ചയായ അവസരസമത്വം നിഷേധിക്കപ്പെട്ട സമുദായത്തിന് അർഹമായ രണ്ട് ശതമാനം കൂടി വെട്ടിക്കുറച്ച സർക്കാർ നടപടി അടിയന്തരമായി തിരുത്തണമെന്നും മെക്ക ആവശ്യപ്പെട്ടു.