വിവാദ ബ്ലീച്ചിങ് പൗഡർ ആശുപത്രികളിലേക്ക് കൊടുത്തുതീർക്കാൻ നിർദേശം

Mail This Article
കോഴിക്കോട്∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) ഗോഡൗണുകളിലെ തീപിടിത്തത്തിനു ശേഷം വിതരണം മരവിപ്പിച്ചിരുന്ന വിവാദ ബ്ലീച്ചിങ് പൗഡർ ആശുപത്രികളിലേക്ക് ഉപയോഗത്തിനായി കൊടുത്തുതീർക്കാൻ നിർദേശം. ഗുണനിലവാര പ്രശ്നങ്ങൾ ഇല്ലെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് വിവിധ വെയർഹൗസുകളിൽ പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന ബ്ലീച്ചിങ് പൗഡർ തുറന്ന വാഹനത്തിൽ കയറ്റി ആശുപത്രികളിലേക്ക് എത്തിക്കുന്നത്. ഇതോടെ വിവാദ കമ്പനിയുടെ തടഞ്ഞുവച്ചിരിക്കുന്ന പണവും നൽകാനുള്ള നടപടികൾ ആരംഭിക്കും.
ക്വട്ടേഷനിലെ ഒന്നാം സ്ഥാനക്കാരായ പാർക്കിൻസ് എന്റർപ്രൈസസിനെ തഴഞ്ഞ് രണ്ടാം സ്ഥാനക്കാരായ ബങ്കെ ബിഹാറി കെമിക്കൽസിൽ നിന്നു വാങ്ങിക്കൂട്ടിയ ബ്ലീച്ചിങ് പൗഡറാണ് വിവാദത്തിലായത്. പല ഘട്ടങ്ങളിലായി വാങ്ങേണ്ട ബ്ലീച്ചിങ് പൗഡർ ഒന്നിച്ച് എത്തിച്ചത് വിവിധ സംഭരണകേന്ദ്രങ്ങളിൽ കൂട്ടിയിട്ടിരുന്നു. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഗോഡൗണുകളിൽ തീപിടിത്തം ഉണ്ടാവുകയും 9.5 കോടി രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തതോടെയാണ് ബ്ലീച്ചിങ് പൗഡർ വിതരണം നിർത്തിവച്ചത്. ബ്ലീച്ചിങ് പൗഡറിന്റെ പ്രതിപ്രവർത്തനമാണ് തീപിടിത്തത്തിനു കാരണം എന്ന നിഗമനത്തെ തുടർന്ന് നിലവാര പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
മുഴുവൻ ബ്ലീച്ചിങ് പൗഡറും കമ്പനികൾ സ്വന്തം ചെലവിൽ തിരിച്ചെടുക്കാൻ കോർപറേഷൻ ഉത്തരവിട്ടിരുന്നു. പാർകിൻസ് എന്റർപ്രൈസസ് ബ്ലീച്ചിങ് പൗഡർ ഒന്നാകെ തിരിച്ചെടുത്തെങ്കിലും ബങ്കെ ബിഹാറി ഒരു പാക്കറ്റ് പോലും മടക്കി എടുത്തില്ല. പണം ലഭിക്കാനായി കോടതിയെ സമീപിക്കുമെന്നും കമ്പനി വ്യക്തമാക്കി.