ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ പലസ്തീൻ ഐക്യദാ‍ർഢ്യ റാലി നടത്തിയ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ കെപിസിസി താക്കീത് ചെയ്തു. അച്ചടക്കസമിതിയുടെ ശുപാർശ അംഗീകരിച്ചാണു തീരുമാനം. ഫൗണ്ടേഷന്റെ കീഴ്ഘടകങ്ങൾ രൂപീകരിച്ച് പാർട്ടിക്കു സമാന്തരമായി പ്രവർത്തിക്കരുത്. ഫൗണ്ടേഷന്റെ കലാ, സാംസ്കാരിക, ജീവകാരുണ്യ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണമെന്നും നിർദേശിച്ചു. പാർട്ടിക്കു നൽകിയ വിശദീകരണത്തിനൊപ്പം ആര്യാടൻ ഷൗക്കത്ത് നടത്തിയ നിരുപാധിക ഖേദപ്രകടനം മുഖവിലയ്ക്ക് എടുക്കുന്നതായും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് കെപിസിസി നേതൃത്വം അറിയിച്ചു.

ഡിസിസിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതിനു പിന്നാലെ നവംബർ 3നാണ് ആര്യാടൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റാലി സംഘടിപ്പിച്ചത്. വിഭാഗീയ റാലി നടത്തരുതെന്നു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ആറു ദിവസം മുൻപു തന്നെ ഷൗക്കത്തിനോട് ആവശ്യപ്പെട്ടിരുന്നു. വിലക്ക് മറികടന്നു റാലി നടത്തിയതു പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതി കണ്ടെത്തിയിരുന്നു. എന്നാൽ താക്കീതിന് അപ്പുറമുള്ള കടുത്ത നടപടികൾ വേണ്ടെന്നായിരുന്നു സമിതിയുടെ ശുപാർശ.

രാഹുൽ ഗാന്ധിയുടെ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കെപിസിസി ജനറൽ സെക്രട്ടറി കൂടിയാണു ഷൗക്കത്ത്. ന്യൂനപക്ഷ വിഭാഗത്തിൽനിന്നുള്ള ഷൗക്കത്തിനെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയുടെ പേരിൽ പുറത്താക്കിയാൽ ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ എതിരാളികൾ അതു പ്രചാരണായുധമാക്കുമെന്ന ആശങ്ക ഒരു വിഭാഗം നേതാക്കൾ കെപിസിസിയെ അറിയിച്ചിരുന്നു. ഈ വികാരം കൂടി ഉൾക്കൊണ്ടാണ് നടപടി ‘ശക്തമായ താക്കീതി’ൽ ഒതുക്കാൻ കെപിസിസി തീരുമാനിച്ചത്. മേലിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാകരുതെന്നും നിർദേശിച്ചിട്ടുണ്ട്.

English Summary:

Warning to Aryadan Shaukat; KPCC approves disciplinary committee recommendation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com