ADVERTISEMENT

കൊച്ചി ∙ കെഎസ്ഇബിയിൽ 59,000 പേരുടെ പെൻഷൻ പ്രതിസന്ധിയിൽ. മേയ് 31 നു വൈദ്യുതി ബോർഡിൽ നിന്നു വിരമിച്ചവരിൽ മേയ് 19 നു മുൻപു രേഖകൾ നൽകിയവർക്കു മാത്രമേ പെൻഷൻ ആനൂകൂല്യങ്ങൾ പൂർണമായി വിതരണം ചെയ്തിട്ടുള്ളൂ. ബാക്കി 245 പേർക്കു വിരമിക്കൽ ആനൂകൂല്യങ്ങൾ നൽകാൻ 275 കോടി രൂപയ്ക്ക് ബോർഡ് ഓവർ ഡ്രാഫ്ടിന് ഒരുങ്ങുകയാണ്. 6 മാസം കഴിയുമ്പോൾ 1700 പേർ കൂടി വിരമിക്കും. ഇവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾക്ക് 680 കോടി രൂപ വേണം.

പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ രൂപീകരിച്ച പെൻഷൻ മാസ്റ്റർ ട്രസ്റ്റിന്റെ കാര്യത്തിൽ ഉത്തരവാദിത്തമില്ലാതെ നടത്തിയ പ്രവർത്തനങ്ങളാണു ബോർഡിനെ പ്രതിസന്ധിയിലാക്കിയത്. പെൻഷൻ ഫണ്ടിൽ പണമില്ല. പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം എന്നിവയുടെ ഉത്തരവാദിത്തത്തിൽ നിന്നു സർക്കാരും കൈയൊഴിഞ്ഞു.

പെൻഷൻ ഫണ്ട് ശക്തിപ്പെടുത്താതെ, വരുമാനത്തിൽ നിന്നു പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുകയായിരുന്നു ഇതുവരെ. മാസ്റ്റർ ട്രസ്റ്റിനു പെൻഷൻ ബാധ്യതയായി 12,419 കോടി രൂപയാണു വേണ്ടിയിരുന്നത്. ബോണ്ടിലൂടെ പണം കണ്ടെത്താനും 35.4 % സർക്കാരും 64.6 % കെഎസ്ഇബിയും നൽകാനുമായിരുന്നു ധാരണ. ഇതിനു പുറമേ, ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യമായി 5,861 കോടി രൂപ സർക്കാർ വേറെ നൽകാമെന്നും ധാരണയായി. വൈദ്യുതി ഉപയോക്താക്കളിൽ നിന്നു പിരിക്കുന്ന ഡ്യൂട്ടി ഇൗ ആവശ്യത്തിന് ഉപയോഗിക്കാൻ സർക്കാർ ബോർഡിന് അനുമതി നൽകിയിരുന്നു.

നവംബർ ഒന്നിനു കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഡ്യൂട്ടി സർക്കാർ തിരിച്ചെടുത്തതോടെ ഇൗ ഇനത്തിൽ 1000–1200 കോടി രൂപയുടെ കുറവുണ്ടായി. ഇതാണു പ്രതിസന്ധി രൂക്ഷമാക്കിയത്.

 പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെങ്കിൽ ട്രസ്റ്റ് 23,581 കോടി രൂപ കണ്ടെത്തണം. 40,000 പെൻഷൻകാരും സ്റ്റാറ്റ്യൂട്ടറി പെൻഷൻ സ്കീമിലുൾപ്പെട്ട 19,000 ജീവനക്കാരുമാണു ഇതുമൂലം പ്രതിസന്ധിയിലായത്. 2013 നു ശേഷം സർവീസിൽ കയറിയവർക്കു നാഷനൽ പെൻഷൻ സ്കീം ആണു ബാധകം. 2013ൽ കെഎസ്ഇബി കമ്പനിയാക്കിയപ്പോഴാണു പെൻഷൻ കൈകാര്യം ചെയ്യാൻ മാസ്റ്റർ ട്രസ്റ്റ് രൂപീകരിച്ചത്. പെൻഷൻ ബാധ്യതകൾ ഒഴിഞ്ഞ്, സർക്കാർ പുറത്തിറക്കിയ ഉത്തരവ് കോടതി 2 മാസത്തേക്കു സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും പ്രശ്നത്തിന് അതൊരു പരിഹാരമല്ല.

English Summary:

KSEB in pension crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com