ചെറിയ പ്ലോട്ടിലെ നിർമാണം: ഡവലപ്മെന്റ് പെർമിറ്റ് വേണ്ടെന്ന് ഹൈക്കോടതി
Mail This Article
കൊച്ചി ∙ ചെറിയ പ്ലോട്ടിലെ കെട്ടിട നിർമാണത്തിന് ബിൽഡിങ് പെർമിറ്റ് ലഭിക്കാൻ ഡവലപ്മെന്റ് പെർമിറ്റ് ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 10.34 സെന്റ് ഭൂമി വാങ്ങിയശേഷം, കെട്ടിട നിർമാണ പെർമിറ്റിന് അപേക്ഷ നൽകിയപ്പോൾ പാലക്കാട് മങ്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനുമതി നിഷേധിച്ചതിനെതിരെ ഭൂവുടമയായ പി.ശ്രീവിദ്യ നൽകിയ ഹർജിയാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.
വലിയ പ്ലോട്ടിന്റെ ഭാഗമായ ഭൂമിയായിരുന്നു ഹർജിക്കാരി വാങ്ങിയത്. എന്നാൽ, ബിൽഡിങ് പെർമിറ്റിന് അപേക്ഷ നൽകിയപ്പോൾ ഡവലപ്മെന്റ് പെർമിറ്റ് വേണമെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളി. എന്നാൽ, വലിയ അളവിലുള്ള ഭൂമിയുടെ ഭാഗമായിരുന്നു എന്ന കാരണത്താൽ, ചെറിയ പ്ലോട്ട് വാങ്ങിയാൾക്ക് കെട്ടിടം നിർമിക്കാൻ ഡവലപ്മെന്റ് പെർമിറ്റ് വാങ്ങേണ്ടതില്ലെന്ന ഹൈക്കോടതിയുടെ മുൻ ഉത്തരവ് ഹർജിക്കാരിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വലിയ അളവിലുള്ള ഭൂമിയിൽ നിലവിലുള്ള ഉപയോഗത്തിൽ മാറ്റം വരുത്തി പാർപ്പിട പ്ലോട്ടുകൾക്കായി വിഭജിക്കുക, തെരുവുകൾ, നടപ്പാതകൾ തുടങ്ങിയവ ക്രമീകരിക്കുക ഉൾപ്പെടെയുള്ള ഭൂവികസന പ്രവർത്തനങ്ങൾ നടത്തുമ്പോഴാണ് ഡവലപ്െമന്റ് പെർമിറ്റ് ബാധകമെന്നും ചെറിയ പ്ലോട്ടിലെ കെട്ടിട നിർമാണത്തിന് ആവശ്യമില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് അപേക്ഷ നിരസിച്ച പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. അപേക്ഷ ഒരുമാസത്തിനകം പരിഗണിച്ചു തീർപ്പാക്കാനും നിർദേശിച്ചു.