പിണറായി വിജയന്റെ ജീവചരിത്രം ഇംഗ്ലിഷിൽ
![pinarayi-vijayan NEW DELHI 2023 OCTOBER 29 : Chief minister of Kerala Pinarayi Vijayan . @ JOSEKUTTY PANACKAL / MANORAMA](https://img-mm.manoramaonline.com/content/dam/mm/mo/premium/opinion-and-analysis/images/2023/10/10/pinarayi-vijayan.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവചരിത്ര കൃതി ഇംഗ്ലിഷിൽ തയാറാകുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും അതിനു സമാന്തരമായി പിണറായി വിജയനെന്ന നേതാവ് രൂപപ്പെട്ടതുമാണ് ഉള്ളടക്കം. കേരളത്തിന്റെ സാമൂഹിക ചരിത്രം കൂടി പുസ്തകത്തിൽ അനാവരണം ചെയ്യുന്നുണ്ട്. ഒന്നിലേറെ പേരുകൾ പരിഗണനയിലുള്ളതിനാൽ പുസ്തകത്തിന്റെ പേരും പുറംചട്ടയും ഉറപ്പിച്ചിട്ടില്ല.
പിണറായി വിജയന്റെ ആത്മകഥയോ അദ്ദേഹത്തെക്കുറിച്ചുള്ള ആധികാരികമായ ജീവചരിത്രകൃതികളോ ഇതുവരെ പുറത്തു വന്നിട്ടില്ല. ചില ടെലിവിഷൻ പരിപാടികളിൽ അദ്ദേഹത്തിന്റെ ജീവിതചിത്രങ്ങൾ ദൃശ്യവൽക്കരിച്ചിട്ടുണ്ട്. 2024 തുടക്കത്തിൽ പുസ്തകം പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴുള്ള ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ജീവചരിത്ര കൃതി ചൈനയും ക്യൂബയും ഉൾപ്പെടെ സോഷ്യലിസ്റ്റ് ചേരിയിലുള്ള രാജ്യങ്ങളിലെ ഭാഷകളിലേക്കു പരിഭാഷ ചെയ്യുന്നതും ആലോചനയിലുണ്ട്.
രാജ്യാന്തര പ്രസാധക ഏജൻസികളുമായി ഇതു സംബന്ധിച്ച ചർച്ചകളും നടക്കുന്നു. മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ.ശൈലജയുടെ ജീവചരിത്ര കൃതിയായ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ ഈ വർഷം പുറത്തിറങ്ങിയിരുന്നു. പ്രമുഖ എഴുത്തുകാരിയും കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് ഡയറക്ടറും പ്രഫസറുമായ ഡോ. മീന ടി.പിള്ളയാണ് പിണറായി വിജയന്റെ ജീവചരിത്ര കൃതി തയാറാക്കുന്നത്.