ഏഴു ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയയ്ക്കും

Mail This Article
തിരുവനന്തപുരം ∙ ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലും സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കുന്ന 2 ബില്ലുകളും ഉൾപ്പെടെ നിയമസഭ പാസാക്കിയ 7 ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിച്ചു. പൊതുജനാരോഗ്യ ബില്ലിനു ഗവർണർ അംഗീകാരം നൽകി. ഈ 8 ബില്ലുകളിൽ തീരുമാനം എടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ കേസ് ഇന്നു സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. ചരിത്രത്തിലാദ്യമായാണ് 7 ബില്ലുകൾ ഒന്നിച്ചു രാഷ്ട്രപതിക്ക് അയയ്ക്കുന്നത്.
ലോകായുക്തയുടെ അധികാരം കുറയ്ക്കുന്ന നിയമഭേദഗതി ബിൽ, ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു പുറത്താക്കുന്നതിനുള്ള 2 സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ, വൈസ് ചാൻസലർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സേർച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ബിൽ, പാൽ സഹകരണ സംഘങ്ങളിലെ അഡ്മിനിസ്‌ട്രേറ്റർമാർക്കു വോട്ടവകാശം നൽകുന്നതിനുള്ള ബിൽ, ഹൈക്കോടതി നൽകുന്ന പാനലിൽ നിന്നു യൂണിവേഴ്സിറ്റി അപ്‌ലറ്റ് ട്രൈബ്യൂണലായി സിറ്റിങ് ജില്ലാ ജഡ്ജിയെ ഗവർണർ നിയമിക്കുന്നതിനു പകരം വിരമിച്ച ജഡ്ജിയെ സർക്കാർ നിയമിക്കുന്നതിനുള്ള 2 സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ എന്നിവയാണ് രാഷ്ട്രപതിക്ക് അയയ്ക്കുന്നത്.
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അനിശ്ചിതമായി പിടിച്ചുവയ്ക്കുന്നതിനെ സുപ്രീം കോടതി വിമർശിച്ചിരുന്നു. പഞ്ചാബ് ഗവർണറെ വിമർശിക്കുന്ന വിധി വായിക്കാൻ കേരള ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറിയോട് കോടതി നിർദേശിക്കുകയുണ്ടായി. പ്രധാന ബില്ലുകളിൽ ഗവർണർ തീരുമാനമെടുത്തതായി സുപ്രീം കോടതിയെ അറിയിക്കാനാണു രാജ്ഭവന്റെ തീരുമാനം. ഇന്നലെ ഡൽഹിയിലേക്കു പോകാനിരുന്ന ഗവർണർ യാത്ര മാറ്റിവച്ചാണു ബില്ലുകളിൽ തീരുമാനമെടുത്തത്.