2011ലെ സെൻസസ്: ലീവ് സറണ്ടർ തിരിച്ചുപിടിച്ച ഉത്തരവ് തിരുത്തി; എല്ലാവർക്കും ആനുകൂല്യം
Mail This Article
തിരുവനന്തപുരം∙ 2011ലെ സെൻസസ് ജോലിയുമായി ബന്ധപ്പെട്ട് സ്കൂൾ അധ്യാപകർക്കു നൽകിയ ലീവ് സറണ്ടർ ആനൂകൂല്യം തിരിച്ചുപിടിച്ച സർക്കാർ നടപടി 13 വർഷത്തിനുശേഷം തിരുത്തി. ആനുകൂല്യങ്ങൾ എല്ലാവർക്കും മടക്കിനൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഒരു വിഭാഗം അധ്യാപകരുടെ ഹർജിയിൽ കോടതി അനുകൂലവിധി നൽകിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഏകദേശം 45,000 അധ്യാപകരാണ് 2010–11 അധ്യയനവർഷം 48 ദിവസ കാലയളവിൽ സെൻസസ് ജോലി ചെയ്തത്. പ്രതിഫലമായി 24 ദിവസത്തെ ആർജിതാവധിയുടെ സറണ്ടർ ആനൂകൂല്യമാണ് നൽകിയത്. എന്നാൽ, ഈ 48 ദിവസത്തിൽ പ്രവൃത്തിദിവസം 32 മാത്രമാണെന്നും അതിൽത്തന്നെ ദിവസത്തിന്റെ പകുതി മാത്രമാണു സെൻസസ് ഡ്യൂട്ടി ഉണ്ടായിരുന്നതെന്നും വിലയിരുത്തി, സെൻസസ് ജോലി ദിവസങ്ങൾ 16 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇതനുസരിച്ച് അധ്യാപകർക്ക് 8 ദിവസത്തെ സറണ്ടർ ആനുകൂല്യങ്ങൾക്കു മാത്രമാണ് അർഹതയെന്നു ചൂണ്ടിക്കാട്ടി 16 ദിവസത്തെ ലീവ് സറണ്ടർ ആനൂകൂല്യം തിരിച്ചുപിടിച്ചു. ഇതിനെതിരെ കോടതിയെ സമീപിച്ച അധ്യാപകർക്ക് അനുകൂലവിധി ലഭിക്കുകയും അതനുസരിച്ച് 24 ദിവസത്തെ ആനുകൂല്യങ്ങളും സാധൂകരിച്ചു നൽകുകയും ചെയ്തിരുന്നു. ഈ വിധി എല്ലാവർക്കും ബാധകമാക്കണമെന്ന ആവശ്യം പരിഗണിച്ചാണ് സർക്കാർ നടപടി.