ADVERTISEMENT

തിരുവനന്തപുരം ∙ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാനുള്ള സർക്കാർ നീക്കം. അടുത്ത സെപ്റ്റംബറിൽ അദ്ദേഹം സ്ഥാനം ഒഴിയുന്നതു വരെ നടപ്പാകാൻ സാധ്യതയില്ല. ലോകായുക്ത നിയമഭേദഗതി ഉൾപ്പെടെ രാഷ്ട്രപതിക്ക് അയച്ച 7 ബില്ലുകളിൽ പിണറായി സർക്കാരിന്റെ കാലാവധി കഴിയും മുൻപ് തീരുമാനമുണ്ടാകുമോ എന്നും സംശയമാണ്.

മലയാള ഭാഷാ വ്യാപനവുമായി ബന്ധപ്പെട്ടു നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി 2016ൽ അയച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. കേന്ദ്ര, സംസ്ഥാന നിയമങ്ങളിൽ വൈരുധ്യമുണ്ടായാൽ ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാൻ ഗവർണറോട് സംസ്ഥാന സർക്കാർ ശുപാർശ ചെയ്യാറുണ്ട്. ഗവർണർ സ്വന്തം നിലയിൽ 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച കീഴ്‌വഴക്കമില്ല.

ഇവ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണു പോകുക. അവർ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെയും നിയമ മന്ത്രാലയത്തിന്റെയും അഭിപ്രായങ്ങൾ തേടും. ഇതെല്ലാം ലഭിച്ച ശേഷമേ രാഷ്ട്രപതിക്കു വിടൂ. തീരുമാനമെടുക്കാൻ രാഷ്ട്രപതി എത്ര സമയമെടുക്കുമെന്നു പറയാനാവില്ല. രാഷ്ട്രപതിക്ക് അയച്ച ബില്ലുകൾക്കു സമാനമായ നിയമം ഇനി കൊണ്ടുവരാൻ സാധിക്കില്ല. ഈ ബില്ലുകൾ പിൻവലിക്കണമെങ്കിലും രാഷ്ട്രപതിയുടെ അനുമതി വേണം. രാഷ്ട്രപതി അംഗീകരിക്കുകയോ തള്ളുകയോ ചെയ്യുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.

കഴിഞ്ഞ വർഷം അയച്ച ബിൽ തിരിച്ചുവന്നില്ല

ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായ ശേഷം സ്വമേധയാ രാഷ്ട്രപതിക്കു ബില്ലുകൾ അയയ്ക്കുന്നത് ഇപ്പോഴാണെങ്കിലും, സർക്കാരിന്റെ ആവശ്യപ്രകാരം കഴിഞ്ഞ വർഷം ഒരു ബിൽ രാഷ്ട്രപതിക്ക് അയച്ചിരുന്നു. നിയമസഭ പാസാക്കിയ മോട്ടർ ട്രാൻസ്പോർട്ട് വെൽഫെയർ ഫണ്ട് ഭേദഗതി ബില്ലാണ് അയച്ചത്. കേന്ദ്രം പാസാക്കിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിലെ ചില വ്യവസ്ഥകൾക്കു വിരുദ്ധമാണു സംസ്ഥാനത്തിന്റെ ബിൽ എന്ന സംശയം സർക്കാരിനുണ്ടായതിനെത്തുടർന്നായിരുന്നു ഇത്. ഈ ബിൽ ഇതുവരെ തിരിച്ചുവന്നിട്ടില്ല.

English Summary:

Supreme Court against Kerala Governor: Government's Next Move

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com