ADVERTISEMENT

കോഴിക്കോട് ∙ ജനുവരി 26ന് കശ്മീരിൽ നിന്ന് ആരംഭിക്കുന്ന യൂത്ത് ലീഗിന്റെ  യുവഭാരത് യാത്രയിൽ ഡിവൈഎഫ്ഐയെ പങ്കെടുപ്പിക്കുന്നതിൽ ദേശീയ  സംസ്ഥാന നേതൃത്വങ്ങൾക്ക് വ്യത്യസ്ത നിലപാട്.  ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന നിലയിലാണ് ഡിവൈഎഫ്ഐയെ ക്ഷണിക്കുന്നതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. അതേസമയം സിപിഎം  ഇന്ത്യ മുന്നണിയിൽ ഉറച്ചു നിന്നിട്ടു മതി ഡിവൈഎഫ്ഐയെ ക്ഷണിക്കുന്നത് എന്നാണു സംസ്ഥാന നേതൃത്വം പറയുന്നത്. 

ജാഥയിലേക്കു ഇന്ത്യ മുന്നണിയുടെ ഭാഗമായ എല്ലാ പാർട്ടികളുടെയും യുവജന സംഘടനകളെ ക്ഷണിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ദേശീയ എക്സിക്യൂട്ടീവ് തീരുമാനിച്ചിരുന്നു. യൂത്ത് കോൺഗ്രസ്, എഐവൈഎഫ് അടക്കമുള്ള സംഘടനകൾക്കും ക്ഷണമുണ്ട്. അതിന്റെ ഭാഗമായി ഡിവൈഎഫ്ഐയെയും ക്ഷണിക്കുമെന്നാണു പ്രഖ്യാപിച്ചത്. കേരളത്തിൽ യൂത്ത് ലീഗ് – ഡിവൈഎഫ്ഐ അണികൾ തമ്മിൽ പ്രശ്നങ്ങൾ ഉള്ളതിനാൽ അവരുമായി വേദി പങ്കിടുന്നത് സ്വാഗതം ചെയ്യാനാവില്ലെന്നാണ് സംസ്ഥാന േനതൃത്വം പറയുന്നത്.  ഇത്തരമൊരു രാഷ്ട്രീയ നീക്കം ദേശീയ കമ്മിറ്റിയേക്കാൾ  സ്വാധീനമുള്ള സംസ്ഥാന കമ്മിറ്റിയോട് ആലോചിക്കാത്തതിലും അതൃപ്തിയുണ്ട്. 

ഡിവൈഎഫ്ഐയെ ക്ഷണിക്കുന്ന കാര്യം മുസ്‍ലിം ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നെന്നും കേരളത്തിലെ സാഹചര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാകരുത് എന്നു മാത്രമാണ് നേതൃത്വം സൂചിപ്പിച്ചതെന്നും യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി ഫൈസൽ ബാബു പറഞ്ഞു. പരിപാടിയുമായി മുന്നോട്ടുപോകാൻ അനുവാദം നൽകിയിട്ടുണ്ട്.

English Summary:

Youth League National March: different opinion regarding DYFI participation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com