ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെയും സപ്ലൈകോയുടെയും സാമ്പത്തിക പ്രതിസന്ധി റേഷൻ വിതരണ രംഗത്തെയും ബാധിക്കുന്നു. സപ്ലൈകോയിൽ നിന്ന് റേഷൻ സാധനങ്ങളുടെ ട്രാൻസ്പോർട്ട് ബിൽ 2 മാസത്തെ കുടിശികയായതോടെ കേരള കോൺട്രാക്ടേഴ്സ് അസോസിയേഷൻ പണിമുടക്കിനൊരുങ്ങുകയാണ്. രണ്ടു മാസത്തെ കമ്മിഷൻ കുടിശികയായതോടെ റേഷൻ വ്യാപാരികളിൽ ഒരു വിഭാഗം സ്റ്റോക്കെടുപ്പിൽ നിന്നു വിട്ടുനിന്നുള്ള സമരത്തിനും സൂചന നൽകി. സമരം ആരംഭിച്ചാൽ ഡിസംബർ പകുതിയോടെ റേഷൻ കടകളിൽ സാധനങ്ങൾക്കു ക്ഷാമം നേരിടും. 

ബിൽ കുടിശിക നൽകാത്തതിനെതിരെ ഈ മാസം 10ന് സൂചനാ പണിമുടക്കു നടത്താനും തുടർന്ന് അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങാനുമാണ് കേരള കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്. ഒക്ടോബർ, നവംബർ മാസങ്ങളിലെ കമ്മിഷൻ മടങ്ങിയതിനാൽ വെള്ള, നീല കാർഡ് ഉടമകൾക്കുള്ള റേഷൻ സാധനങ്ങൾക്ക് മുൻകൂർ പണമടച്ച് സ്റ്റോക്കെടുക്കുന്നതിൽ നിന്നു വിട്ടുനിൽക്കുമെന്നറിയിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നവകേരള സദസ്സിൽ പരാതി നൽകി. 
കേന്ദ്രത്തിന്റെ പണം ഇനി കരാറുകാർക്ക് നേരിട്ട് 

റേഷൻ സാധനങ്ങൾ ഗോഡൗണുകളിലേക്കും തുടർന്ന് റേഷൻ കടകളിലേക്കും ‘വാതിൽപ്പടി വിതരണം’ നടത്തുന്ന ട്രാൻസ്പോർട്ട് കരാറുകാർക്ക് കേന്ദ്ര സർക്കാർ ഡിസംബർ മുതൽ പണം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു നൽകും. ഇതിനായി കരാറുകാരുടെ പേരും ബാങ്ക് അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും ഉടനടി ശേഖരിച്ചു നൽകാൻ ഭക്ഷ്യപൊതുവിതരണ കമ്മിഷണർ സപ്ലൈകോയ്ക്കു നിർദേശം നൽകി. 

English Summary:

Financial crisis of Kerala Government may be affected Ration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com