വീട്ടിലേക്ക് വിളിച്ചുവരുത്തി മരക്കഷണം കൊണ്ടു സുഹൃത്തിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു; യുവാവ് ഒളിവിൽ
Mail This Article
നെയ്യാറ്റിൻകര ∙ യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ച സംഭവത്തിൽ കാഞ്ഞിരംകുളം പനനിന്ന വീട്ടിൽ മാരി എന്ന അജയ്ക്കെതിരെ (23) കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. ഇടതു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ട കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി മേലേവിളാകം വീട്ടിൽ ശരത്തിനെ (19 അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഒളിവിൽ പോയ അജയിനെ പിടികൂടിയിട്ടില്ല.
തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. കാഞ്ഞിരംകുളത്ത് പൂക്കൾ വിൽക്കുന്ന കടകളിലെ ജോലിക്കാരാണ് സുഹൃത്തുക്കളായ അജയും ശരത്തും. കടയ്ക്കു മുന്നിൽ അജയ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത് അപഹരിച്ചുവെന്ന സംശയത്തെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു. തിങ്കളാഴ്ച ശരത്തിനെ ഫോണിൽ വിളിച്ച് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിൽ എത്തിക്കാൻ അജയ് ആവശ്യപ്പെട്ടത്രേ. വീട്ടിലെത്തിയപ്പോൾ ആക്രമിക്കുകയും ഇടതു കണ്ണിൽ കൂർത്ത മരക്കഷണം കുത്തിയിറക്കി തിരിക്കുകയുമായിരുന്നുവെന്ന് ശരത് പൊലീസിനു മൊഴി നൽകി.